രാജ്യം എല്ലാ മേഖലയിലും സ്വയംപര്യാപ്തമാകണം'; ഇന്ത്യ-റഷ്യ ബന്ധത്തെ വാഴ്ത്തി മോദി
Friday, September 26, 2025 1:55 AM IST
ഗ്രേറ്റർ നോയിഡ: റഷ്യയുമായി ഇന്ത്യ പങ്കിടുന്ന ബന്ധത്തിന് കാലം തെളിയിച്ച കരുത്തുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
റഷ്യ പങ്കാളിയായുള്ള യുപി ഇന്റർനാഷണൽ ട്രേഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധമേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന സഹകരണത്തെ ഉയർത്തിക്കാട്ടിയ മോദി, ഇന്ത്യ എല്ലാ മേഖലയിലും സ്വയംപര്യാപ്തമായി മാറണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യ- യുഎസ് ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ വാക്കുകളെന്നത് ശ്രദ്ധേയമാണ്. “ഇന്ത്യയുടെ സൈനിക മേഖലയ്ക്ക് ഇപ്പോൾ ആവശ്യം ആശ്രിതത്വം കുറയ്ക്കുകയും തദ്ദേശീയ പരിഹാരങ്ങളിലേക്ക് തിരിയുകയും ചെയ്യുന്ന നയമാണ്.
രാജ്യത്ത് നിർമിക്കാവുന്ന എല്ലാ ഉത്പന്നങ്ങളും ഇവിടെത്തന്നെ നിർമിക്കണം. റഷ്യൻ സഹായത്തോടെ സ്ഥാപിച്ച ഫാക്ടറിയിൽ എകെ 47 തോക്കുകൾ ഉടൻ നിർമിച്ചുതുടങ്ങും. ഉത്തർപ്രദേശിൽ പ്രതിരോധ ഇടനാഴിയും ഒരുങ്ങുന്നുണ്ട്.
ബ്രഹ്മോസ് മിസൈൽ അടക്കമുള്ള ആയുധങ്ങളുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു’’- മോദി പറഞ്ഞു. മാറുന്ന ലോകത്ത് മറ്റുള്ളവരെ ആശ്രയിക്കുന്ന രാജ്യങ്ങൾ പിന്നിലായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.