പാക് താരങ്ങൾക്ക് കൈകൊടുക്കാമായിരുന്നെന്ന് തരൂർ
Friday, September 26, 2025 1:55 AM IST
ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിനുശേഷം പാക്കിസ്ഥാൻ ഇന്ത്യൻ താരങ്ങളുമായി ഹസ്തദാനം നടത്തേണ്ടിയിരുന്നുവെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി.
ക്രിക്കറ്റിന്റെ ആത്മാവ് രാഷ്ട്രീയത്തിൽനിന്നും സൈനിക സംഘർഷങ്ങളിൽനിന്നും അകന്നുനിൽക്കണമെന്നും താരങ്ങൾഹസ്തദാനം നടത്താതിരുന്നത് സ്പോർട്സ്മാൻഷിപ്പിന്റെ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും തരൂർ ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പ്രതികരിച്ചു.
കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1999ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനു ശേഷം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താരങ്ങൾ പരസ്പരം കൈ കൊടുത്തിരുന്നുവെന്ന് തരൂർ ലേഖനത്തിൽ ഓർമിപ്പിച്ചിട്ടുണ്ട്.
“ഇരുരാജ്യങ്ങളുടെയും സർക്കാരുകളും ക്രിക്കറ്റ് ബോർഡുകളും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചകൾക്കുശേഷം പാക്കിസ്ഥാനുമായി മത്സരിക്കാനെടുത്ത തീരുമാനംതന്നെ രാഷ്ട്രീയപരമായിരുന്നു. പാക്കിസ്ഥാനെതിരേ അത്ര തീവ്രവികാരം നിലനിൽക്കുന്നുണ്ടായിരുന്നെങ്കിൽ അവർക്കെതിരേ കളിക്കേണ്ടെന്നുതന്നെ തീരുമാനമെടുക്കാമായിരുന്നു.
എന്നാൽ, ഒരിക്കൽ മത്സരിക്കാനുള്ള തീരുമാനമെടുത്തതിനുശേഷം കളിയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കാനുള്ള ചുമതല കളിക്കാരിലേക്കുതന്നെ എത്തിച്ചേർന്നു. ഒരു ഹസ്തദാനമെന്നതു കളിയുടെ ആത്മാവിന്റെതന്നെ മൗലികമായ ആവിഷ്കാരമാണ്.
മത്സരം എത്രത്തോളം തീവ്രമാണെങ്കിലും അതിപ്പോൾ അവസാനിച്ചെന്നും രാജ്യങ്ങൾ തമ്മിലുള്ള വിരോധങ്ങളെ മറികടക്കുന്ന പരസ്പരബന്ധം കളിക്കാർ തമ്മിലുണ്ടെന്നുമുള്ള സന്ദേശം ഹസ്തദാനം നൽകുന്നുണ്ട്”-തരൂർ കുറിച്ചു.
അതിനിടെ, തരൂരിന്റെ നിലപാടിനെ വിമർശിച്ച് ബിജെപി രംഗത്തു വന്നു. ഐസിസി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ) മാനദണ്ഡങ്ങളുള്ളതുകൊണ്ടാണ് ഇന്ത്യക്ക് ഏഷ്യാ കപ്പ് കളിക്കേണ്ടിവന്നതെന്നും ബിസിസിഐ ഐസിസിക്കു കീഴിൽ വരുന്നതാണെന്നും ബിജെപി വക്താവ് പ്രതുൽ ഷാ ദിയോ പറഞ്ഞു.
പാക്കിസ്ഥാനോടുള്ള സ്നേഹത്തിന് അപ്പുറത്തേക്ക് കോണ്‍ഗ്രസിന് ഉയരാൻ കഴിയുമെന്നും ദിയോ കൂട്ടിച്ചേർത്തു.