കേജരിവാളിന് പത്തു ദിവസത്തിനകം വസതി നൽകുമെന്ന് കേന്ദ്രം
Friday, September 26, 2025 1:55 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് പത്തു ദിവസത്തിനകം ഉചിതമായ താമസസൗകര്യം നൽകുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
എഎപി ദേശീയ കണ്‍വീനർ എന്നനിലയ്ക്ക് കേജരിവാളിന് രാജ്യതലസ്ഥാനത്ത് ബംഗ്ലാവ് അനുവദിക്കണമെന്നാവശ്യപ്പെട്ടു എഎപി നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
കേജരിവാളിന് മുന്‍പ് അനുവദിച്ചിരുന്ന വസതിയിൽനിന്നുള്ള തരം താഴ്ത്തലാകരുത് പുതിയ വസതിയെന്ന് എഎപി കോടതിയിൽ ആവശ്യപ്പെട്ടു. അനുവദിച്ച വസതിയിൽ അതൃപ്തിയുണ്ടെങ്കിൽ കേജരിവാളിന് വീണ്ടും സർക്കാരിനെ സമീപിക്കാമെന്ന് കോടതി അറിയിച്ചു.
രാഷ്ട്രീയപാർട്ടികൾക്കു വസതികൾ അനുവദിക്കുന്ന മാർഗരേഖപ്രകാരം ഒരു ദേശീയപാർട്ടിയുടെ അധ്യക്ഷൻ, അദ്ദേഹത്തിന് സ്വന്തം വീടോ ഔദ്യോഗിക വസതിയോ ഇല്ലെങ്കിൽ ഡൽഹിയിൽ ഔദ്യോഗിക വസതിക്ക് അർഹനാണെന്നായിരുന്നു എഎപി ഹർജിയിൽ പറഞ്ഞിരുന്നത്.