സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും
Friday, September 26, 2025 1:55 AM IST
ചണ്ഡിഗഡ്: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും. 75 വയസ് പിന്നിട്ട രാജയ്ക്ക് പ്രായപരിധിയില്‍ ഇളവുനൽകാന്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് തീരുമാനിക്കുകയായിരുന്നു. അതേസമയം, രാജയ്ക്ക് ഇളവു നൽകുന്നതിനെ കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ ശക്തമായി എതിര്‍ത്തുവെന്നാണു റിപ്പോര്‍ട്ട്.
പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. അതേസമയം, രാജയ്ക്കു പകരം നിര്‍ദേശിക്കപ്പെട്ട അമര്‍ജിത് കൗറിന്റെ പേര് ഭൂരിപക്ഷം ഘടകങ്ങൾക്കും സ്വീകാര്യമായിരുന്നില്ല. തന്നെ പരിഗണിക്കേണ്ടതില്ലെന്നു ബിനോയ് വിശ്വം പറഞ്ഞതും രാജയ്ക്കു ഗുണകരമായി. യുപി, ബിഹാര്‍, ബംഗാൾ, ജാർഖണ്ഡ് ഘടകങ്ങള്‍ രാജയ്ക്കായി വാദിച്ചു.
ജനറൽ സെക്രട്ടറിപദത്തിൽ തുടരാനുള്ള താത്പര്യം എഴുപത്തിയാറുകാരനായ രാജ അറിയിച്ചിരുന്നു. തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശിയും പ്രമുഖ ദളിത് നേതാവുമായ ഡി. രാജയ്ക്ക് ജനറല്‍ സെക്രട്ടറിപദത്തില്‍ മൂന്നാമൂഴമാണ്.
2019 മുതല്‍ രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. രണ്ടു തവണ രാജ്യസഭാംഗമായിരുന്ന ഡി. രാജ 1994 മുതൽ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. മലയാളിയായ ആനി രാജയാണു ഭാര്യ. മകൾ അപരാജിത രാജ.
ദേശീയ സെക്രട്ടേറിയറ്റിലേക്ക് കേരളത്തിൽനിന്ന് പി. സന്തോഷ്കുമാർ, കെ. പ്രകാശബാബു എന്നിവരെയും ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് ടി.ജെ. ആഞ്ചലോസ്, ഗോവിന്ദന് പള്ളിക്കാപ്പിൽ എന്നിവരെയും തെരഞ്ഞെടുത്തു.
കേരളത്തില്‍നിന്ന് 12 പേര് ദേശീയ കൗണ്‍സിലിലുണ്ട്. ഇ. ചന്ദ്രശേഖരനെ മാത്രമാണ് ഒഴിവാക്കിയത്. വി.എസ്. സുനിൽകുമാറിനെ ഇത്തവണയും ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുത്തില്ല. 125 അംഗ ദേശീയ കൗൺസിലിനും 31 അംഗ ദേശീയ എക്സിക്യൂട്ടീവിനും 11 അംഗ ദേശീയ സെക്രട്ടേറിയറ്റിനും സിപിഐ പാർട്ടി കോൺഗ്രസ് രൂപം നല്കി.