ലഡാക്ക് സാധാരണ നിലയിൽ, ലേയിൽ കർഫ്യൂ
Friday, September 26, 2025 1:55 AM IST
ലേ: സംസ്ഥാനപദവി ആവശ്യപ്പെട്ട് യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിനിടെ നാലു പേർ കൊല്ലപ്പെട്ട ലഡാക്ക് സാധാരണനിലയിലേക്ക്. ഇന്നലെ തലസ്ഥാനമായ ലേയിൽ കർഫ്യൂ ഏർപ്പെടുത്തി.
കലാപവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ലേ അപ്പെക്സ് ബോഡി ആഹ്വാനം ചെയ്ത ബന്ദ് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പരിക്കേറ്റ മൂന്നു പേർ നേപ്പാൾ പൗരന്മാരാണ്. കലാപത്തിൽ വിദേശശക്തികൾക്കു പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കാർഗിൽ, സ്ന്സ്കർ, നുബ്റ, പദം, ചാംഗ്ടാംഗ്, ദ്രാസ്, ലമായുരു എന്നിവിടങ്ങളിൽ പോലീസ്, പാരാമിലിട്ടറി സേനാ വിന്യാസം ശക്തമാക്കി.
ലഡാക്കിലെ ജനങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തണമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. സംഘർഷത്തിനു പിന്നിൽ സോനം വാംഗ്ചുക് അല്ലെന്നും അദ്ദേഹം ഒരിക്കലും ഗാന്ധിയൻ പാത വിട്ട് പ്രവർത്തിക്കില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
അതേസമയം ലഡാക്കിലെ പ്രതിസന്ധി ബിജെപി സർക്കാരിന്റെ സൃഷ്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ലഡാക്കിന്റെ അന്തസിനും അതിന്റെ സ്വത്വം സംരക്ഷിക്കുന്നതിനുമായി ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിയമാനുസൃതവും നീതിയുക്തവുമാണ്.
സംഘർഷത്തിൽ വിലപ്പെട്ട നാലു ജീവൻ നഷ്ടപ്പെട്ടത് ദാരുണമാണെന്നും കോൺഗ്രസ് മാധ്യമ വകുപ്പ് മേധാവി പവൻ ഖേര പറഞ്ഞു.