മുരിങ്ങൂർ മുതൽ കൊരട്ടി വരെ ഗതാഗതക്കുരുക്ക് രൂക്ഷം
1594543
Thursday, September 25, 2025 1:59 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിപ്പാതനിർമാണം നടക്കുന്ന മുരിങ്ങൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷം.
മുരിങ്ങൂർ അടിപ്പാതയ്ക്കു സമീപം വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന സർവീസ് റോഡിൽ രൂപപ്പെട്ട കുഴികൾമൂലമാണ് തൃശൂർ ദിശയിൽ ഇന്നലെ വെളുപ്പിനുമുതൽ കുരുക്ക് മുറുകിയത്. കുഴികൾ രൂപപ്പെട്ട ഭാഗങ്ങളിൽ ഡ്രെയിനേജിനോടുചേർന്ന് ബാരിക്കേഡുകൾ സ്ഥാപിക്കുന്ന പണികളും പുരോഗമിക്കുന്നുണ്ട്. ഇതും കുരുക്കിനു മറ്റൊരു കാരണമായി.
ചെറിയ കുഴികൾമൂലം കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഗതാഗതസ്തംഭനം ഉണ്ടായിരുന്നു. ഇന്നലെ പത്തുമണിയോടെ കുഴികൾ അടച്ചെങ്കിലും രാത്രി വൈകിയും മന്ദഗതിയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പാെങ്ങത്തുനിന്നും ചിറങ്ങരയിൽ നിന്നും വാഹനങ്ങൾ ഗ്രാമീണ, പൊതുമരാമത്ത് റോഡുകളിലൂടെ ഇന്നലെ രാവിലെ മുതൽ പോലീസും ഹോം ഗാർഡും വഴിതിരിച്ചുവിട്ടതുമൂലം കുരുക്കിന് ചെറിയ ശമനമുണ്ടായി.