അമീബിക് മസ്തിഷ്ക ജ്വരം : ചൂണ്ടൽ പഞ്ചായത്തിലെ മുഴുവൻ കുളങ്ങളിലും പ്രവേശനം നിരോധിച്ചു
1594373
Wednesday, September 24, 2025 7:42 AM IST
കേച്ചേരി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി സംശയിക്കുന്ന സാഹചര്യത്തിൽ ചൂണ്ടൽ പഞ്ചായത്തിലെ രണ്ടുക്ഷേത്രക്കുളങ്ങൾ ഉൾപ്പടെ മൂഴുവൻ കുളങ്ങളിലെയും പ്രവേശനം നിരോധിച്ചു. തായങ്കാവ് ധർമശാസ്താ ക്ഷേത്രത്തിലെയും പയ്യൂർക്കാവ് സുബ്രഹ്മണ്യ ക്ഷേത്രത്തിലെയും ക്ഷേത്രക്കുളങ്ങളും പയ്യൂർക്കാവ് ക്ഷേത്രത്തിനുസമീപത്തെ പൊതുകുളത്തിൽ പ്രവേശിക്കുന്നതുമാണ് ആദ്യം വിലക്കിയിരുന്നത്. പിന്നീട് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ചൂണ്ടൽ പഞ്ചായത്തിലെ കുളങ്ങളിൽ പ്രവേശിക്കരുതെന്ന് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിടുകയായിരുന്നു.
രണ്ടുപേർക്ക് മസ്തിഷ്കജ്വരം ബാധിച്ച് ഭേദമായതായി റിപ്പോർട്ട് ഉണ്ടെങ്കിലും അമീബിക് മസ്തിഷ്ക ജ്വരമാണോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുളങ്ങളിലെ വെള്ളത്തിന്റെ ലാബ് റിപ്പോർട്ട് വരാത്ത സാഹചര്യത്തിലാണ് മുൻകരുതൽ നടപടി. സോഷ്യൽ മീഡിയയിലൂടെ ഈയിടെ തായങ്കാവ് ക്ഷേത്രക്കുളത്തിനു വലിയ പ്രചാരം ലഭിച്ചിരുന്നു. വിദൂര സ്ഥലങ്ങളിൽനിന്നുപോലും ആളുകളെത്തി കുളത്തിൽ നീന്തുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്തിരുന്നു.
മലിനമായ വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും വഴി രോഗം പടരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. രോഗം പടരുന്നതുതടയാനും പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകാനുമാണ് ഈ നടപടിയെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.