മിഥുന്റെ ആത്മഹത്യ: കോൺഗ്രസും ബിജെപിയും ഫോറസ്റ്റ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി
1594374
Wednesday, September 24, 2025 7:42 AM IST
കോൺഗ്രസ് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക്
എരുമപ്പെട്ടി: കാട്ടുപന്നിയുടെ ഇറച്ചി വാങ്ങിയെന്ന കുറ്റംചുമത്തി വനംവകുപ്പ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് കാഞ്ഞിരക്കോട് സ്വദേശി മിഥുൻ ആത്മഹത്യചെയ്ത സംഭവം ഫോറസ്റ്റ് ഉദ്യോസ്ഥരുടെ ശാരീരിക, മാനസികപീഡനത്തെതുടർന്നാണെന്ന് ആരോപിച്ചും ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി.
ചിറ്റണ്ട സെന്ററിൽനിന്ന് ആരംഭിച്ച മാർച്ച് ഫോറസ്റ്റ് സ്റ്റേഷനുസമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടുകയും മറികടക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നുനടന്ന പ്രതിഷേധധർണ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് എം.എം. നിഷാദ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. കബീർ, കെ. ഗോവിന്ദൻകുട്ടി, സുന്ദരൻ ചിറ്റണ്ട, ചന്ദ്രപ്രകാശ് ഇടമന, അജു നെല്ലുവായ്, സതീഷ് ഇടമന, എം.സി. ഐജു, ഫ്രിജോ കുണ്ടന്നൂർ, സുജാത തുളസി, നജീബ് കൊമ്പത്തേയിൽ, ഷിയാസ് ചിറ്റണ്ട, ശ്യാംജി ചിറ്റണ്ട എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെയും നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
ബിജെപി എങ്കക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക്
വടക്കാഞ്ചേരി: കാട്ടുപന്നിവേട്ടയിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എങ്കക്കാട്ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബിജെപി എരുമപ്പെട്ടി മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു. ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധസമരം ബിജെപി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യിൽ അധ്യക്ഷത വഹിച്ചു.
നേതാക്കളായ വിപിൻ കുടിയേടത്ത്, നിത്യസാഗർ, സുഭാഷ് ആദൂർ, കാളിദാസൻ, രാജേഷ് കുട്ടഞ്ചേരി, ജോജു കൊളങ്ങാടൻ, കെ. രഞ്ജിത്ത്, പി.ജെ. ജെബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓട്ടുപാറ - വാഴാനി റോഡിലെ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചാണ് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞത്.