അപൂർവരോഗം: അവനികയ്ക്കും ആയുഷിനും സഹായം വേണം
1594785
Friday, September 26, 2025 1:54 AM IST
എരുമപ്പെട്ടി: എൽആർബിഎ ജിൻ മ്യൂട്ടേഷൻ എന്ന അപൂർവരോഗം ബാധിച്ച് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന പന്ത്രണ്ടും ഏഴും വയസുള്ള സഹോദരങ്ങളുടെ ചികിത്സയ്ക്കായി സഹായം തേടുന്നു.
ചൊവ്വന്നൂർ പഞ്ചായത്തിലെ ചെമ്മന്തിട്ട കളിയെടുത്ത് മനോജ് - സുധ ദമ്പതികളുടെ മക്കളായ അവനിക, ആയുഷ് എന്നിവരുടെ ബോൺമാരോ ശസ്ത്രക്രിയ്ക്കായാണ് കുടുംബം സഹായം തേടുന്നത്. തൃശൂർ മെഡിക്കൽ കോളജിലും തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിലും നടത്തിയ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഒരാൾക്ക് 60 ലക്ഷം രൂപ ചെലവുവരും.
ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് അവനിക. അസുഖത്തെതുടർന്ന് ഒരുവർഷമായി സ്കൂളിൽ പോകുന്നില്ല. മരത്തംകോട് എംജിഎം എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആയുഷ്.
ഭീമമായ തുക കണ്ടെത്താൻ വെൽഡിംഗ് തൊഴിലാളിയായ മനോജിനു കഴിയാത്ത സാഹചര്യത്തിൽ ഇവരെ സഹായിക്കുന്നതിനായി കുന്നംകുളം എംഎൽഎ എ.സി. മൊയ്തീൻ, ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് എന്നിവർ രക്ഷാധികാരികളും ചൊവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോഭാജി ചെയർമാനും ബ്ലോക്ക് മെമ്പർ രജിത ഷിബു, വാർഡ് മെമ്പർ രത്നകുമാരി എന്നിവർ വൈസ് ചെയർമാൻമാരായും സാമൂഹികപ്രവർത്തകൻ എ. സജി കൺവീനറായും ചികിത്സാസഹായസമിതി രൂപീകരിച്ചിട്ടുണ്ട്.
ധനസമാഹരണത്തിനായി ഇന്ത്യൻ ഓവർസീസ് ബാങ്ക് കുന്നംകുളം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സഹായങ്ങൾ താഴെ കാണുന്ന അക്കൗണ്ട് വഴിയോ 8281643876 എന്ന ഗൂഗിൾ പേ നമ്പർ വഴിയോ നൽകണമെന്ന് അഭ്യർഥിച്ചു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, കുന്നംകുളം ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 279902000000300, ഐഎഫ്എസ്സി: ഐഒബിഎ 0002799.
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടേണ്ട നമ്പർ. മാതാവ് സുധ: 8281643876. കൺവീനർ സജി: 9846723081.`