ആനവണ്ടി ഇടാൻ സ്ഥലമില്ല
1594552
Thursday, September 25, 2025 1:59 AM IST
തൃശൂർ: നവീകരണത്തിനായി തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡ് പൊളിച്ചുതുടങ്ങിയതോടെ ബദൽസംവിധാനം അടിയന്തരമായി സജ്ജമാക്കാൻ തീരുമാനം. താത്കാലിക സ്റ്റാൻഡിനുള്ള നാലു സ്ഥലങ്ങളുടെ പട്ടിക മുഖ്യമന്ത്രിക്കു ജില്ലാ കളക്ടർ കൈമാറിയിട്ടുണ്ട്. ഇതിൽ എത്രയും വേഗം തീരുമാനമുണ്ടാകും. ട്രാഫിക് പോലീസ് അടക്കമുള്ള അധികാരികളുടെ അഭിപ്രായം ആരാഞ്ഞശേഷം ആയിരിക്കും സ്ഥലം നിശ്ചയിക്കുക.
തൃശൂർ ശക്തൻ സ്റ്റാൻഡും വടക്കേ സ്റ്റാൻഡിനു സമീപമുള്ള സ്ഥലവും ഉൾപ്പെടെയാണ് താത്കാലിക സ്റ്റാൻഡ് ആക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. വടക്കേ സ്റ്റാൻഡ് നവീകരിച്ചപ്പോൾ സ്വകാര്യബസുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലമാണ് പരിഗണനയിലുള്ളത്. എന്നാൽ, കെഎസ്ആർടിസി ബസുകളെല്ലാം ഇവിടേക്കെത്തുന്പോൾ സ്വരാജ് റൗണ്ടിലും കുറുപ്പം റോഡ്, ബിനി ജംഗ്ഷനിൽനിന്നു വടക്കേ സ്റ്റാൻഡ് വരെയുള്ള റോഡ്, അശ്വനി ജംഗ്ഷനും പരിസരവും എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് വടക്കേ സ്റ്റാൻഡിനെക്കാൾ നല്ലതു ശക്തൻ സ്റ്റാൻഡാണെന്നു കെഎസ്ആർടിസി അധികൃതർക്ക് അഭിപ്രായമുണ്ട്.
ആയിരത്തോളം സർവീസുകളാണ് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ വന്നുപോകുന്നത്. തൃശൂരിൽനിന്ന് സർവീസ് തുടങ്ങുന്ന നാല്പതോളം സർവീസുകളുണ്ട്. ഇവയ്ക്കെല്ലാംകൂടി വലിയ സ്ഥലംതന്നെ വേണമെന്നതാണ് യാഥാർഥ്യം.
ശക്തൻ സ്റ്റാൻഡിലോ പരിസരത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ ആയി ബദൽ കെഎസ്ആർടിസി സ്റ്റാൻഡ് പ്രവർത്തിക്കാമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ, ശക്തൻ സ്റ്റാൻഡ് വിട്ടുകൊടുക്കുന്ന കാര്യത്തിൽ കോർപറേഷൻ സമ്മതം മൂളിയിട്ടില്ല. ഇപ്പോൾതന്നെ ബസുകളുടെ ബാഹുല്യംകൊണ്ട് വീർപ്പുമുട്ടുന്ന ശക്തൻ സ്റ്റാൻഡിലേക്കു കെഎസ്ആർടിസി ബസുകൾകൂടി വന്നാൽ തിരക്ക് നിയന്ത്രിക്കാൻ എളുപ്പമാവില്ല.
ഇക്കണ്ടവാര്യർ റോഡിലെ ഒഴിഞ്ഞുകിടക്കുന്ന നാലേക്കർ സ്ഥലം ബദൽ സ്റ്റാൻഡാക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. അതു സജ്ജമാക്കാൻ വലിയ ചെലവും വരും. അതുകൊണ്ടുതന്നെ കെഎസ്ആർടിസി ഈ സ്ഥലത്തോട് അധികം താത്പര്യം പ്രകടിപ്പിക്കുന്നില്ല.
ശക്തൻ സ്റ്റാൻഡിൽ കെഎസ്ആർടിസിക്ക്
സ്റ്റാൻഡ് അനുവദിക്കരുത്: ബസുടമകൾ
തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡ് പുതുക്കിപ്പണിയുന്പോൾ ശക്തൻ തന്പുരാൻ സ്റ്റാൻഡിൽ താത്കാലിക സ്റ്റാൻഡ് അനുവദിക്കരുതെന്നു തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.
ശക്തൻ സ്റ്റാൻഡിൽ മുഴുവൻ ബസുകളും ഉൾക്കൊള്ളിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.
യാത്രക്കാർക്ക് അടിസ്ഥാനസൗകര്യമില്ല. ബസ് സ്റ്റാൻഡ് ഫീസ് 25 രൂപയിൽനിന്നു 40 രൂപയാക്കി വർധിപ്പിച്ചു. കെഎസ്ആർടിസി ബസുകൾക്കു താത്കാലിക സ്റ്റാൻഡ് അനുവദിക്കുന്പോൾ ട്രിപ്പുകൾ മുടങ്ങാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് അസോസിയേഷൻ കത്തു നൽകിയെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ എന്നിവർ സംയുക്തപ്രസ്താവനയിൽ അറിയിച്ചു.
മലപ്പുറം ടീം പൊളി തുടങ്ങി
തൃശൂർ: രണ്ടുമാസംമുമ്പ് തീരുമാനമായതാണെങ്കിലും തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന്റെ പൊളിക്കൽ ആരംഭിച്ചതു കഴിഞ്ഞ ദിവസംമാത്രം. മലപ്പുറത്തുള്ള പികെ എന്റർപ്രൈസസ് എന്ന സ്ഥാപനമാണ് സ്റ്റാൻഡ് പൊളിക്കാൻ എത്തിയിരിക്കുന്നത്. പഴയ ഗാരേജാണ് ആദ്യം പൊളിച്ചത്.
ബദൽസംവിധാനം തീരുമാനമാവാത്തതിനാൽ പൊളിക്കൽ തുടങ്ങാൻ വൈകുകയായിരുന്നു. പത്തോളം ജോലിക്കാരാണ് കെട്ടിടം പൊളിക്കാൻ എത്തിയിട്ടുള്ളത്.
വരുംദിവസങ്ങളിൽ ജെസിബി അടക്കമുള്ള ഉപകരണങ്ങളും എത്തും.
ഒന്നരമാസംകൊണ്ട് കെട്ടിടങ്ങൾ മുഴുവൻ ഇടിച്ചുനിരപ്പാക്കി കൊടുക്കാം എന്നാണ് വ്യവസ്ഥയെങ്കിലും മഴയടക്കം കാലാവസ്ഥ പ്രതികൂലമാകുമ്പോൾ ഒന്നരമാസം മതിയാകില്ല എന്നാണ് സൂചന.