മാങ്ങാട്ടുകര ശ്രീരാമക്ഷേത്രത്തിൽ മോഷണം
1594769
Friday, September 26, 2025 1:53 AM IST
അന്തിക്കാട്: മാങ്ങാട്ടുകര ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ആറു ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണവിവരം അറിയുന്നത്.
കൗണ്ടറിന്റെ പൂട്ട് തകർത്തു അകത്ത് കയറിയ മോഷ്ടാവ് ഓഫീസിന്റെ താക്കോൽ എടുത്ത് ഓഫീസ് മുറിയിൽ കയറുകയും അലമാരയിലെ വസ്തുക്കൾ വലിച്ച് വാരിയിടുകയും 30000 രൂപ വില വരുന്ന പൂജയ്ക്ക് ഉപയോഗിക്കുന്ന വെള്ളിക്കുടം മോഷ്ടിക്കുകയും ചെയ്തു. ഭണ്ഡാരങ്ങളിൽ നിന്നും 15000 രൂപയോളം നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ക്ഷേത്രത്തിന്റെ പിറകിലൂടെയാണ് മോഷ്ടാവ് അകത്തു കയറിയിട്ടുള്ളത്. സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ ലോക്കറിലായതിനാൽ ഇവ നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് അന്തിക്കാട് പോലീസ് അന്വേഷണ മാരംഭിച്ചു. ക്ഷേത്രത്തിൽ സിസിടിവി കാമറയില്ലാത്തതിനാൽ സമീപ വീടുകളിലെ കാമറകൾ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം സ്റ്റേഷൻ പരിധിയിൽ പത്തിലധികം ക്ഷേത്രങ്ങളിൽ മോഷണം നടന്നുവെങ്കിലും ഒരു കേസിൽ പോലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.