കര്ഷകദുരിതമറിയാന് കേന്ദ്രസംഘം മുരിയാട് പാടശേഖരത്തിലെത്തി
1594783
Friday, September 26, 2025 1:53 AM IST
ഇരിങ്ങാലക്കുട: കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഒക്ടോബറില്‍ കേരളത്തിലെത്തും. മുരിയാട് പാടശേഖരത്തില്‍ വച്ച് കേന്ദ്രസംഘത്തിനു മുന്നില്‍ പ്രശ്നങ്ങളുന്നയിച്ച കര്‍ഷകരോട് കൃഷിവകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. രുക്മിണിയാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രശ്നങ്ങള്‍ മനസിലാക്കാനാണ് കേന്ദ്രസംഘം വന്നതെന്നും അവര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് ഇന്നലെ ഉച്ചതിരിഞ്ഞ് മുരിയാട് പാടശേഖരമുള്പ്പെടുന്ന കോന്തിപുലത്ത് മുരിയാട് കോള്‍ പടവില്‍ എത്തിചേര്‍ന്നത്. അവിടെ നടന്ന യോഗത്തില്‍ കര്‍ഷകര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ വിശദീകരിച്ചു. മുരിയാട് കായല്‍ നെല്‍കര്‍ഷക സമിതി ഭാരവാഹികളായ സി.എ. ആന്റു, മെഹബൂബ്, ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, ചാര്‍ലി ലാസര്‍ എന്നിവര്‍ നിവേദനങ്ങള്‍ കൈമാറി.
ഇഷ്ടിക നിര്‍മാണത്തിനും വ്യവസായ ആവശ്യത്തിനുമായി മണ്ണും കളിമണ്ണും എടുത്ത് കുളമായി കിടക്കുന്ന 500 ഏക്കര്‍ സ്ഥലത്ത് താമരയും മത്സ്യകൃഷിയും നടത്തുക, ഇല്ലിക്കല്‍, കൊറ്റംകോട് വളവ് ഷട്ടറുകളുടെ അറ്റകുറ്റ പണി നടത്തി മെക്കനയിസ്ഡ് ഷട്ടര്‍ സ്ഥാപിക്കുക, മുരിയാട് കായലിലേക്ക് വെള്ളം എത്തിത്തുന്നതിനുവേണ്ടി പറയംതോട്ടില് രണ്ട് 50 എച്ച്പി മോട്ടോര്‍ വച്ച് കരുവന്നൂര്‍ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുക, കെഎല്‍ഡിസി ബണ്ടിന്റെ അടിയില്‍ സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് പൈപ്പ് മാറ്റി അവിടെ സ്ലൂയിസ് നിര്‍മിക്കുക, കോന്തിപുലത്ത് മെക്കനയിസ്ഡ് കം സ്ലൂയിസ് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സമിതി നിവേദനം നല്കി.
കേന്ദ്ര കൃഷി ഡെപ്യൂട്ടി കമ്മിഷണര്‍ എ.എന്‍. മേശ്രം, കാര്‍ഷിക എന്‍ജിനിയര്‍ ശശികാന്ത് പവാര്‍, ഡോ. ദിവ്യാ ബാലകൃഷ്ണന്, ഡോ. എസ്.വിജയകുമാര്‍, ഡോ. വി. മാനസന്, ഡോ. ആര്. ഗോപിനാഥ് എന്നിവരും സംഘത്തിലുണ്ട്. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, ബിജെപി സംശ്താന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, ഷാജി രാഘവന്, നഗരസഭ കൗണ്‍സിലര്‍ ആര്‍ച്ച അനീഷ്, ജസ്റ്റിന് ജേക്കബ് തുടങ്ങിയവരും സംഘതതോടൊപ്പമുണ്ടായിരുന്നു.