വ്യാപാരികളുടെ കടകളടച്ച് പ്രതിഷേധം ഇന്ന്
1594550
Thursday, September 25, 2025 1:59 AM IST
തൃശൂർ: മാർക്കറ്റിലെ പേട്ടക്കാശ് പിരിവിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കരാറുകാരൻ നല്കിയ ഹർജി ഹൈക്കോടതി 26നു പരിഗണിക്കാനിരിക്കെ വ്യാപാരികളുടെ കടകളടച്ചു പ്രതിഷേധം ഇന്ന്. കോർപറേഷന്റെ വർധിപ്പിച്ച പേട്ടക്കാശ് അന്യായമാണെന്നു ചൂണ്ടിക്കാട്ടിയാണ് അരിയങ്ങാടി, നായരങ്ങാടി, ജയ്ഹിന്ദ് മാർക്കറ്റ് മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ ഇന്നു മുഴുവൻസമയവും അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചത്. രാവിലെ പത്തിനു വ്യാപാരികൾ കോർപറേഷനിലേക്കു മാർച്ചും നടത്തും.
അമിത പേട്ടക്കാശുപിരിവുമൂലം അങ്ങാടിയിലേക്കു ചരക്കുവാഹനങ്ങൾ വരാതായെന്നും വ്യാപാരം നടക്കാതെ കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്നും വ്യാപാരികൾ പറഞ്ഞു. മാർക്കറ്റിനകത്താണെങ്കിലും പൊതുവഴിയിൽ നിർത്തിയാണ് വാഹനങ്ങളിൽനിന്ന് ചരക്കിറക്കുന്നത്.
എത്ര കുറവ് ചരക്കിറക്കിയാലും കോർപറേഷന്റെ ഉയർന്ന നിരക്ക് കൊടുക്കേണ്ട അവസ്ഥയാണ്. വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ സ്വകാര്യവ്യക്തികളുടേതാണ്. പിന്നെന്തിനാണ് മറ്റുജില്ലകളിൽ ഇല്ലാത്തതരത്തിൽ പേട്ടക്കാശ് പിരിവ് തൃശൂർ കോർപറേഷൻ നടത്തുന്നതെന്നു വ്യാപാരികൾ ചോദിക്കുന്നു.
അമിതമായ പേട്ടക്കാശുപിരിവ് അവസാനിപ്പിക്കണമെന്നു നിരവധിതവണ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി സോളി തോമസ്, ഗ്രോസറി കമ്മിറ്റി കൺവീനർ ആൽഫ്രഡ് എൻ. ഡേവിസ് എന്നിവർ വ്യക്തമാക്കി.
2017ലെ കരാർപ്രകാരമുള്ള തുകയാണു വാഹന ഉടമകൾ മാർക്കറ്റ് ഫീ ഇനത്തിൽ നല്കിവരുന്നത്. 2024 ഡിസംബറിൽ കോർപറേഷൻ വീണ്ടും ടെൻഡർ വിളിക്കുകയും 2025 ഫെബ്രുവരിയിലെ കൗൺസിൽ പുതിയ നിരക്കിന് അംഗീകാരം നല്കുകയും ചെയ്തു. എന്നാൽ ഉയർത്തിയ തുക അംഗീകരിക്കാൻ വ്യാപാരികളും ചുമട്ടുതൊഴിലാളികളും തയാറായിട്ടില്ല.
വർധിപ്പിച്ച തുക പിരിക്കാനെത്തിയപ്പോൾ എതിർപ്പുണ്ടായതിനെതുടർന്ന് കരാറുകാരൻ ഹൈക്കോടതിയിൽനിന്നു പോലീസ് സംരക്ഷണം നേടിയിരുന്നു. ഏപ്രിൽമുതൽ കരാറുകാരനു പുതുക്കിയ തുക പിരിക്കാമെങ്കിലും തർക്കംകാരണം ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പോലീസ് സംരക്ഷണയിൽ പിരിവിനെത്തിയപ്പോൾ പലരും കരാറുകാരനുമായി സഹകരിച്ചിരുന്നു. അതിനുശേഷം പോലീസില്ലാതെ പിരിവിനെത്തിയപ്പോൾ കരാറുകാരനുമായി വീണ്ടും തർക്കമുണ്ടാവുകയും വ്യാപാരസ്ഥാപനങ്ങൾ അടച്ചിച്ചു പ്രതിഷേധിക്കാൻ വ്യാപാരികൾ തീരുമാനിക്കുകയുമായിരുന്നു.
കടുപ്പം നിരക്കുവർധന
മാർക്കറ്റിൽ ചരക്കിറക്കാനെത്തുന്ന വാഹനങ്ങളിൽനിന്നാണ് പേട്ടക്കാശ് ഇടാക്കുന്നത്. നേരത്തേ 16 ചക്രമുള്ള ലോറികളിൽനിന്ന് 80 രൂപയും മറ്റുള്ള വാഹനങ്ങളിൽനിന്ന് 60 രൂപയുമാണ് പേട്ടക്കാശ് പിരിച്ചിരുന്നത്. എന്നാൽ പുതുക്കിയ നിരക്കനുസരിച്ച് 16 ചക്രവാഹനങ്ങൾക്ക് ജിഎസ്ടി അടക്കം 649 രൂപ വാഹന ഉടമകൾ നല്കണം. 14 ചക്രമുള്ള വാഹനങ്ങൾക്ക് 325 രൂപ, 12 ചക്രത്തിന് 265 രൂപ, പത്തുചക്രം 180 രൂപ, ആറുചക്രം 140 രൂപ, നാലു ചക്രം 70 രൂപ, മൂന്നു ചക്രം 30 രൂപ എന്നിങ്ങനെയാണു ജിഎസ്ടിയടക്കമുള്ള നിരക്ക്. കുറഞ്ഞനിരക്കിൽനിന്ന് വൻതോതിൽ ഉയർത്തിയ തുക ഈടാക്കുന്നതിനെയാണ് വ്യാപാരികളും ചുമട്ടുതൊഴിലാളികളും എതിർക്കുന്നത്.