പദ്ധതിനിർവഹണം വായ്പയെടുത്ത്; ജനങ്ങളെ പറ്റിക്കുന്നെന്നു പ്രതിപക്ഷം
1593918
Tuesday, September 23, 2025 1:45 AM IST
തൃശൂർ: ബജറ്റിൽ പ്രഖ്യാപിച്ച വാർഷികപദ്ധതികൾ വായ്പയെടുത്തു നിർവഹിക്കുന്നതായി കാണിച്ച് ഡിപിസിയിൽനിന്ന് അംഗീകാരംവാങ്ങി അയൽക്കൂട്ടങ്ങളെയും കൗണ്‍സിലർമാരെയും ജനങ്ങളെയും പറ്റിക്കുന്ന ഭരണസമിതിയുടെ നടപടിയെ കൗണ്‍സിലിൽ ചോദ്യംചെയ്ത് പ്രതിപക്ഷം.
പദ്ധതിനിർവഹണം വായ്പയിൽ ഉൾപ്പെടുത്തുന്നതിനാൽ നിർമാണം ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ലെന്നും പദ്ധതികളുടെ പ്രഖ്യാപനംമാത്രമാണു നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് രാജൻ പല്ലനും ജോണ്‍ ഡാനിയലും ലാലി ജെയിംസും ആരോപിച്ചു.
അതേസമയം, പ്രഖ്യാപിതപദ്ധതികൾ പൂർത്തിയാക്കുമെന്ന് മേയർ എം.കെ. വർഗീസും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തിയും പറഞ്ഞു. കെ. രാമനാഥൻ, സതീഷ് ചന്ദ്രൻ, അനീസ് അഹമ്മദ് എന്നിവരും വിഷയം ഉന്നയിച്ചു. കുരിയച്ചിറയിലെ ഒഡബ്ല്യുസി പ്ലാന്റ് അറ്റകുറ്റപ്പണിവിഷയത്തിൽ ഭരണസമിതി മോണിറ്ററിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയതായി സിന്ധു ആന്റോ ചാക്കോള കുറ്റപ്പെടുത്തി. കോർപറേഷൻ മുനിസിപ്പൽ സ്റ്റേഡിയം നവീകരിച്ച് ഉപയോഗിക്കാൻ സൂപ്പർ ലീഗ് കേരളയ്ക്കു നൽകുന്പോൾ അത്ലറ്റുകൾക്കു തടസംവരരുതെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയെങ്കിലും, അത്തരം ആശങ്കവെണ്ടെന്നു മേയർ വ്യക്തമാക്കി.
നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്കു പരിശീലനത്തിനുള്ള അവകാശങ്ങൾ കരാർ ഒപ്പിടുന്പോൾ നിഷേധിക്കരുതെന്നും ഇക്കാര്യങ്ങൾ കരാറിൽ ഉറപ്പുവരുത്തണമെന്നും ജോണ്‍ ഡാനിയൽ ആവശ്യപ്പെട്ടു. ജയപ്രകാശ് പൂവത്തിങ്കൽ, രാഹുൽ നാഥ് എന്നിവരും സ്റ്റേഡിയം വിഷയത്തിൽ സംസാരിച്ചു.