ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്സിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കും
1593922
Tuesday, September 23, 2025 1:45 AM IST
ചാലക്കുടി: ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്സിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ അടിയന്തരനടപടി സ്വീകരിക്കാൻ നഗരസഭയോഗം തീരുമാനിച്ചു.
ലിഫ്റ്റിന്റെ സെൻസർ ഉൾപ്പെടെയുള്ള ചില ഉപകരണങ്ങൾ തകരാറായതിനാലാണ് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതെന്നും 1.50 ലക്ഷം രൂപ ചെലവുവരുന്ന ഉപകരണങ്ങൾ ടെൻഡർ മുഖേന ഈ ആഴ്ച തന്നെ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു. മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിന്റെ നവീകരണം ഉടൻ നടത്താൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് വാർഡ് കൗൺസിലർ സി.എസ്. സുരേഷിന്റെ നിർദേശം ചർച്ചചെയ്തു. ഇതിനു ലഭിച്ച പ്രപ്പോസലിന് അംഗീകാരംനൽകി പ്രവർത്തി ഉടൻ പൂർത്തിയാക്കാനും ബയോഗ്യാസ് പ്ലാന്റിൽനിന്നു സമീപത്തെ 13 വീടുകളിലേക്ക് സൗജന്യമായി നൽകുന്ന ഗ്യാസ് ലൈനിന്റെ പൈപ്പിലെ അപാകത പരിഹരിക്കാനും തീരുമാനിച്ചു.
പോട്ട കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണം ആരംഭിക്കുന്നതിന് പൈയലിംഗ് നടത്തുന്നതിനാവശ്യമായ തുക എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇതിനാവശ്യമായ ചെലവ് സ്വന്തമായി വഹിക്കാമെന്ന വാർഡ് കൗൺസിലർ എബി ജോർജിന്റെ നിർദേശം കൗൺസിൽ ചർച്ച ചെയ്തു. അടുത്ത കൗൺസിലിൽ എസ്റ്റിമേറ്റും പ്ലാനും തയാറാക്കി സമർപ്പിക്കാനും കമ്യൂണിറ്റി ഹാളിന്റെ പണി അടിയന്തരമായി ആരംഭിക്കാനും തീരുമാനിച്ചു. കലാഭവൻ മണി പാർക്കിന് മുന്നിലും പോട്ട പള്ളിക്ക് സമീപവും ഹൈമാസ്റ്റ് ലൈറ്റുകളും നഗരസഭയിലെ മറ്റ് 15 സ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകളും സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്നതിനുള്ള ജില്ലാ കളക്ടറുടെ ഭരണാനുമതിക്ക് കൗൺസിൽ അംഗീകാരംനൽകി. അതിദാരിദ്ര്യ വിഭാഗത്തിൽപെട്ട നഗരസഭയിലെ 10 കുടുംബങ്ങൾക്ക് പോട്ടയിൽ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം ലഭ്യമായ സാഹചര്യത്തിൽ ഇവർക്ക് വീട് നിർമിക്കുന്നതിന് സർക്കാരിൽനിന്നു ലഭ്യമാക്കുന്ന തുകയ്ക്കുപുറമെ ബാക്കി തുക സ്പോർൺസർമാർ വഴി കണ്ടെത്താൻ തീരുമാനിച്ചു.
നഗരസഭയിലെ വിധവാ പെൻഷൻ മുടങ്ങിയ വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഒരുവർഷത്തെ ശമ്പള വർധനവു തടയും. ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷതവഹിച്ചു.