റോഡില്‍ വീണുകിടക്കുന്ന കെ ഫോണ്‍ കേബിള്‍ യാത്രക്കാര്‍ക്ക് അപകടക്കെണി
1593921
Tuesday, September 23, 2025 1:45 AM IST
വെള്ളിക്കുളങ്ങര: ഇലക്ടിക്ര് പോസ്റ്റുകളിലൂടെ വലിച്ച കെ ഫോണ്‍ കേബിളുകള്‍ റോഡില്‍ വീണുകിടിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു.
കേബിള്‍ വീണുകിടന്നിട്ട് ദിവസങ്ങളായെങ്കിലും അറ്റുകുറ്റപ്പണിക്ക് ആളില്ലാത്തതാണ് പ്രശ്നമാകുന്നത്. കോടാലി - ഇഞ്ചക്കുണ്ട് റോഡിലെ മുരിക്കുങ്ങല്‍, വെള്ളിക്കുളങ്ങര - നായാട്ടുകുണ്ട് റോഡിലെ കട്ടിപ്പൊക്കം , ചൊക്കന - പാലപ്പിള്ളി റോഡിലെ മുപ്ലി എന്നിവിടങ്ങളിലടക്കം പലയിടത്തും കെ ഫോണ്‍ കേബിളുകള്‍ റോഡില്‍ വീണുകിടക്കുകയാണ്. കേബിള്‍ പോസ്റ്റുകളില്‍ ബന്ധിപ്പിച്ചിട്ടുള്ള ക്ലാമ്പുകള്‍ ഗുണനിലവാരം കുറഞ്ഞവയായതിനാല്‍ കേടുവന്ന് വിട്ടുപോയതാണ് കെ ഫോണ്‍ കേബിള്‍ പലയിടത്തും റോഡിലേക്ക് വീഴാന്‍ കാരണമായത്. കനംകൂടിയ കേബിള്‍ ആയതിനാല്‍ ഓടുന്ന വാഹനങ്ങളില്‍ കുടുങ്ങിയാല്‍ വലിയ അപകടം സംഭവിക്കാനിടയുണ്ട്.
വാഹനങ്ങളില്‍ കുരുങ്ങി കേബിള്‍ വലിഞ്ഞാല്‍ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീഴാനും ഇടയാക്കും. അപകടസാധ്യത കണക്കിലെടുത്ത് വീണുകിടക്കുന്ന കേബിളുകള്‍ എത്രയുംവേഗംഗുണനിലവാരമുള്ള പോസ്റ്റില്‍ ഉറപ്പിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.