ഗവ. ബോയ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് ഇത്തവണത്തെ കായികമേള ദുരിതമായി
1593914
Tuesday, September 23, 2025 1:45 AM IST
വടക്കാഞ്ചേരി: ഗവ.ബോയ്സ് സ്കൂളിലെ വിദ്യാർഥികൾക്ക് ഇത്തവണത്തെ കായികമേള ദുരിതമായി മാറി. കായികമേളയിൽ പങ്കെടുക്കാൻ കുന്നംകുളത്തേക്ക് പോകേണ്ടിവന്നതാണ് കുട്ടികൾക്ക് ദുരിതം സമ്മാനിച്ചത്.
ഗ്രൗണ്ട് നവീകരണം പൂർത്തിയാകാത്തതിനെ തുടർന്നാണ് വടക്കാഞ്ചേരി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഈ വർഷത്തെ കായികമേളയ്ക്ക് സ്വന്തം മൈതാനം ഉപയോഗിക്കാൻ കഴിയാതെ വാഹനം വിളിച്ച് കുന്നംകുളത്തേക്ക് പോകേണ്ടി വന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ കായികമേളയാണ് ഇന്നലെ കുന്നംകുളം ഗവൺമെന്റ്് സ്കൂൾ സ്റ്റേഡിയത്തിൽ നടന്നത്.
കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച വടക്കാഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിന്റെ ഗ്രൗണ്ട് നവീകരണം ഇനിയും പൂർത്തിയായിട്ടില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. നവീകരണം അവസാനഘട്ടത്തിലാണെന്നും ഡിസംബറിൽപൂർത്തിയാകുമെന്നുമാണ് കരാറുകാരുടെ വിശദീകരണം. എന്നാൽ വിദ്യാർഥികൾക്ക് അവരുടെ സ്വന്തം സ്കൂളിൽ കായികമേള നടത്താൻ കഴിയാത്തത് ആശങ്കയുണ്ടാക്കി.
കായികമേളക്കായി ഒരു ദിവസത്തേക്ക് 7,500 രൂപ വാടക നൽകിയാണ് കുന്നംകുളത്തെ സിന്തറ്റിക് ട്രാക്ക് പിടിഎ കമ്മിറ്റി ഏൽപ്പിച്ചിരുന്നത്. എന്നാൽ ഇത് വിദ്യാർഥികൾക്ക് പുതിയൊരനുഭവമാകുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന മുന്നൂറോളം വിദ്യാർഥികളെയാണ് അധ്യാപകരുടെ മേൽനോട്ടത്തിൽ കുന്നംകുളത്തേക്ക് കൊണ്ടുപോയത്.
ഇതിന്റെ യാത്രാച്ചെലവ് അധ്യാപകർ വഹിച്ചതായി പറയുന്നു. മറ്റ് ചെലവുകൾ പിടിഎ കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്. ഗ്രൗണ്ട് നവീകരണത്തിൽ അധികൃതർ പുലർത്തുന്ന നിസംഗതയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിമർശനം ഉയരുന്നുണ്ട്.
സമയബന്ധിതമായി പണി പൂർത്തിയാക്കിയിരുന്നെങ്കിൽ സ്വന്തം ഗ്രൗണ്ടിൽ തന്നെ കായികമേള നടത്താമായിരുന്നു എന്നും അതുവഴി വിദ്യാർഥികൾക്ക് യാത്രാച്ചെലവ് ഒഴിവാക്കാമായിരുന്നു എന്നും രക്ഷിതാക്കൾ പറയുന്നു.