കൊച്ചുവേലായുധന്റെ വീടിന്റെ നിർമാണം തുടങ്ങി
1593916
Tuesday, September 23, 2025 1:45 AM IST
ചേർപ്പ്: കേന്ദ്രമന്ത്രി സുരേഷ് ഗോപി അപേക്ഷ നിരസിച്ചതിനെത്തുടർന്ന് പുള്ളിലെ കൊച്ചുവേലായുധനു സിപിഎം വാഗ്ദാനംചെയ്ത വീടിന്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ നിർവഹിച്ചു.
കഴിഞ്ഞ 12നു പുള്ളിലെ കാർത്യായനി ക്ഷേത്രത്തിനുമുന്നിലെ ആൽത്തറയിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലുങ്കുസംവാദത്തിലാണ് കൊച്ചുവേലായുധൻ അപേക്ഷയുമായി എത്തിയത്. പഞ്ചായത്തിൽ കൊടുക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ നിർദേശം.
ഇതിനുപിന്നാലെ സിപിഎം നേതാക്കൾ വീട്ടിലെത്തി വീടു നിർമിച്ചുനൽകാമെന്ന് ഉറപ്പുനൽകുകയായിരുന്നു. വീടു നിർമാണ കമ്മിറ്റി ചെയർമാൻ കെ.കെ. അനിൽ, കണ്‍വീനർ വി.ആർ. ബിജു, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ, ചേർപ്പ് ഏരിയാ സെക്രട്ടറി എ.എസ്. ദിനകരൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ് പി.ആർ. വർഗീസ്, നേതാക്കളായ സെബി ജോസഫ്, കെ.എസ്. മോഹൻദാസ്, എം.വി. മുകേഷ്, എൻ.ജി. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.