ഏവന്നൂരിൽ ഹാപ്പിനസ് സെന്റർ നിർമിക്കും: മേയർ എം.കെ. വർഗീസ്
1593913
Tuesday, September 23, 2025 1:45 AM IST
തൃശൂർ: അനുയോജ്യമായ സ്ഥലം ലഭ്യമാക്കിയാൽ പെരിങ്ങാവ് ഡിവിഷനിൽപെട്ട എവന്നൂരിൽ ഓപ്പണ്‍ ജിം, യോഗ സെന്റർ, പകൽവീട്, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ ഒത്തുചേരലിനും പരിശീലനങ്ങൾക്കുമുള്ള ഹാൾ ഉൾപ്പെടെയുള്ള ഹാപ്പിനസ് സെന്റർ നിർമിക്കാൻ കോർപറേഷൻ ഫണ്ട് അനുവദിക്കുമെന്നു മേയർ എം.കെ. വർഗീസ്.
മൈത്രി റസിഡന്റ്സ് അസോസിയേഷനിൽപ്പെട്ട ആറ്, ഏഴ് സ്ട്രീറ്റുകൾ ഇന്റർലോക്ക് കട്ട വിരിച്ചതിന്റെ ഉദ്ഘാടനവേദിയിൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ അഭ്യർഥനയോടു പ്രതികരിക്കുകയായിരുന്നു മേയർ.
ഡിവിഷൻ കൗണ്‍സിലർ എൻ.എ. ഗോപകുമാർ ഇക്കാര്യത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കുമെന്നും ഡിവിഷനിലെ എല്ലാ സ്ട്രീറ്റ് ലൈറ്റുകളും ഈ മാസംതന്നെ എൽഇഡി ലൈറ്റാക്കി മാറ്റുമെന്നും ഉറപ്പുനൽകി. കൗണ്‍സിലർ അഡ്വ. വില്ലി ജിജോ, എം.എസ്. രാധാകൃഷ്ണൻ, കെ.ജെ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.