ഗേറ്റ് മാറ്റി, കള്ളുഷാപ്പിന് അനുമതി
1593910
Tuesday, September 23, 2025 1:45 AM IST
തൃശൂർ: ദൂരപരിധി ലംഘിച്ചതിനു കോടതി ഉത്തരവുപ്രകാരം നിർത്തലാക്കിയ കള്ളുഷാപ്പിന്റെ ഗേറ്റ് മാറ്റിസ്ഥാപിച്ചപ്പോൾ വീണ്ടും പ്രവർത്തനാനുമതി നല്കിയ എക്സൈസ് നടപടിക്കെതിരേ സിവിൽ സ്റ്റേഷനു സമീപമുള്ള അശോക് നഗർ റസിഡന്റ്സ് അസോസിയേഷൻ സമരത്തിന്.
അസോസിയേഷന്റെ പ്രധാന ഗേറ്റിനു സമീപമാണ് രണ്ടുമാസംമുന്പ് കള്ളുഷാപ്പ് ആരംഭിച്ചത്.
പൊതുജനസന്പർക്ക സ്ഥാപനങ്ങളിൽനിന്നു സർക്കാർ നിയമമനുസരിച്ചുള്ള അകലം പാലിക്കാതെയാണ് കള്ളുഷാപ്പ് പ്രവർത്തിച്ചിരുന്നതെന്നു ചൂണ്ടിക്കാണിച്ചു റസിഡന്റ്സ് അസോസിയേഷൻ പരാതി നല്കിയപ്പോൾ ഷാപ്പിന്റെ എക്സൈസ് ലൈസൻസ് റദ്ദാക്കിയിരുന്നു. രണ്ടു ദിവസത്തിനുശേഷം കള്ളുഷാപ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ പിൻഭാഗം പൊളിച്ച് അവിടെ പുതിയ ഗേറ്റ് സ്ഥാപിക്കാൻ ശ്രമം നടത്തിയപ്പോൾ റസിഡന്റ്സ് അസോസിയേഷൻ കോടതിയെ സമീപിക്കുകയും തുടർന്ന് അബ്കാരി റൂൾസിനു വിപരീതമായോ ഇവിടത്തെ താമസക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലോ കള്ളുഷാപ്പ് നടത്തരുതെന്നു കോടതി നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, പുതിയ ഒരു ഗേറ്റ് സ്ഥാപിച്ചു ലൈസൻസിന് അപേക്ഷിച്ചപ്പോൾ അതേ കെട്ടിടത്തിൽതന്നെ അപേക്ഷകന് എക്സൈസ് ലൈസൻസ് അനുവദിക്കുകയായിരുന്നു.
പത്രസമ്മേളനത്തിൽ ഹൗസിംഗ് ബോർഡ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രഘുനാഥ് കഴുങ്കിൽ, ശ്രീദേവി തിരുനിലത്ത്, എം.വി.എം. അഷറഫ്, അഡ്വ. കെ.എസ്. സിദ്ധാർഥൻ, അഡ്വ. ഷൈലജ എന്നിവർ പങ്കെടുത്തു.