ഡിട്രോയിറ്റിൽ അന്തരിച്ച റവ.ഫിലിപ്പ് വർഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച
ഷാജി രാമപുരം
Wednesday, September 10, 2025 11:03 AM IST
ന്യൂയോർക്ക്: ഡിട്രോയിറ്റിൽ അന്തരിച്ച മാർത്തോമ്മ സഭയിലെ സീനിയർ വൈദീകനും പ്രമുഖ കൺവൻഷൻ പ്രഭാഷകനുമായിരുന്ന വെണ്മണി വാതല്ലൂർ കുടുംബാംഗം റവ. ഫിലിപ്പ് വർഗീസിന്റെ(87) പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ ഒമ്പത് വരെ ഡിട്രോയിറ്റ് മാർത്തോമ്മ ദേവാലയത്തിൽ (24518 Lahser Rd, Southfield, MI 48033) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ 8.30 മുതൽ ഡിട്രോയിറ്റ് മാർത്തോമ്മ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഡിട്രോയിറ്റ് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (621 W Long Lake Rd, Troy, MI 48098).
സംസ്കാര ശുശ്രൂഷകൾക്ക് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് മുഖ്യ കാർമികത്വം വഹിക്കും.
കാട്ടാക്കട, നെടുവാളൂർ, ആനിക്കാട്, കരവാളൂർ, നിരണം, കുറിയന്നൂർ, മുളക്കുഴ, കീക്കൊഴൂർ, പെരുമ്പാവൂർ, നാക്കട, ഡിട്രോയിറ്റ്, അറ്റ്ലാന്റാ, ചിക്കാഗോ, ഫ്ലോറിഡ, ഇന്ത്യനാപോലിസ്, ഡാളസ്, കാനഡ തുടങ്ങി വിവിധ ഇടവകകളിലെ ശുശ്രൂഷകൾക്ക് ശേഷം ഡിട്രോയിറ്റിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
ചങ്ങനാശേരി തുരുത്തി കൈലാസത്തിൽ ഡോ.എൽസി വർഗീസ് ആണ് ഭാര്യ. ഫിലിപ്പ് വർഗീസ് (ജിജി), നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന യുവജനസഖ്യം മുൻ സെക്രട്ടറിയും ഭദ്രാസന അസംബ്ലി അംഗവും അമേരിക്കയിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവും ആയ ജോൺ വർഗീസ് (ജോജി), ഗ്രേസ് തോമസ് (ശാന്തി) എന്നിവരാണ് മക്കൾ.
മരുമക്കൾ: മിനി വർഗീസ് , സുനിത വർഗീസ്, ബിനോ തോമസ് (എല്ലാവരും ഡിട്രോയിറ്റിൽ). കൊച്ചുമക്കൾ: ഹാനാ തോമസ്, നെയ്തൻ വറുഗീസ്, ആൻഡ്രൂ വർഗീസ്, റബേക്ക വർഗീസ്, ഐസയ്യ തോമസ്, ഇല്യാന വറുഗീസ്.
സംസ്കാര ചടങ്ങുകൾ സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസ് (ഡിഎസ്എംസി) ചാനലിലും അബ്ബാ ന്യൂസിലും തത്സമയം കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ജിജി വർഗീസ് - 586 604 6246, ജോജി വർഗീസ് - 586 610 9932.