ഗാർലൻഡ് സിറ്റി ടാക്സ് ഇൻക്രിമെൻ ഫിനാൻസ് ബോർഡ് അംഗമായി പി.സി.മാത്യു നിയമതനായി
പി .പി. ചെറിയാൻ
Thursday, September 4, 2025 7:19 AM IST
ഡാളസ്: ഗാർലൻഡ് ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് (ടിഐഎഫ്) നമ്പർ 2 സൗത്ത് ബോർഡിൽ മലയാളിയായ പി.സി. മാത്യു നിയമിതനായി. ഗാർലൻഡ് മേയർ ഡിലൻ ഹെഡ്രിക്കിന്റേതാണ് നിയമന ഉത്തരവ്.
കഴിഞ്ഞ മാസം നടന്ന സിറ്റി കൗൺസിൽ യോഗത്തിലാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൗത്ത് ഗാർലൻഡിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള ബോർഡിന്റെ കാലാവധി 2025 സെപ്റ്റംബർ 1 മുതൽ 2027 ഓഗസ്റ്റ് 31 വരെയാണ്.

പി.സി.മാത്യു നഗരത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് നിയമനമെന്ന് മേയർ വ്യക്തമാക്കി. മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹത്തിന്റെ കഴിവുകളിലും പ്രതിബദ്ധതയിലും തനിക്കും സിറ്റി കൗൺസിലിനും വലിയ വിശ്വാസമുണ്ടെന്ന് മേയർ കൂട്ടിച്ചേർത്തു.
ഗാർലൻഡിന്റെ സാമ്പത്തിക വളർച്ചക്കും പുനരുജ്ജീവനത്തിനും വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് നിയമനത്തിന് ശേഷം പി. സി. മാത്യു പ്രതികരിച്ചു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ (ജിഐസി) നിലവിലെ ഗ്ലോബൽ പ്രസിഡന്റായ പി.സി. മാത്യു, ഡാളസ് കേരള അസോസിയേഷൻ ഉൾപ്പെടെ അനവധി സാമൂഹിക, സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാർലൻഡ് സിറ്റി കൗൺസിൽ ഡിസ്ട്രിക്ട് 3ലേക്കും മേയർ സ്ഥാനത്തേക്കും മത്സരിച്ച് ശ്രദ്ധേയനായ വ്യക്തി കൂടിയാണ് പി.സി.മാത്യു.