കൻസാസിൽ ഡ്യൂട്ടിക്കിടെ കാറിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
പി.പി. ചെറിയാൻ
Wednesday, September 3, 2025 2:47 AM IST
കൻസാസ് സിറ്റി: ഡ്യൂട്ടിക്കിടെ കാറിടിച്ച് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൻസാസ് സിറ്റി പോലീസ് വകുപ്പ് ഓഫീസറായ ഹണ്ടർ സിമോൺസിക് (26) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ കൻസാസ് സിറ്റി കമ്മ്യൂണിറ്റി കോളജിന് സമീപം 75ആം സ്ട്രീറ്റിനും സ്റ്റേറ്റ് അവന്യൂവിലും ഇടയിലാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഓഫീസറെ ഉടൻ കൻസാസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമി മനഃപൂർവം കാറിടിപ്പിച്ചതാണെന്ന് കൻസാസ് സിറ്റി പോലീസ് പറഞ്ഞു.
പോലീസിനെ അനുസരിക്കാതെ അമിതവേഗതയിൽ പോയ ഒരു വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമി ഓഫിസർക്ക് നേരെ മനഃപൂർവം വാഹനമിടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് കൻസാസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു. പ്രതിയ്ക്കായി തിരച്ചിൽ ഊർജിതമാണ്.