ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം എബി സെബാസ്റ്റ്യന്‍ നല്കി
Tuesday, August 26, 2025 12:29 PM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നല്കി ആദരിച്ചു. ഫൊക്കാന കേരള കണ്വന്ഷന്റ സമാപന സമ്മേളനത്തില്‍ വച്ചാണ് എബി സെബാസ്റ്റ്യനെ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആദരിച്ചത്.
ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, കേരള ചീഫ് സെക്രട്ടറി എ. ജയ്തിലക്, കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, സജിമോന്‍ ആന്റണി (ഫൊക്കാന പ്രസിഡന്റ്), ശ്രീകുമാര്‍ ഉണ്ണിത്താന് (ജനറല്‍ സെക്രട്ടറി), ജോയി ചാക്കപ്പന് (ട്രഷര്‍), സിഎസ്ഐ ചര്‍ച്ച് ബിഷപ്, എബി എബ്രഹാം, മാധ്യമപ്രവർത്തകരായ അനില്‍ അടൂര്‍, ശരത് ചന്ദ്രന്, ജോയ് ഇട്ടന്‍ (കേരള കണ്വന്ഷന് ചെയര്‍), ഫൊക്കാന ഭരണസമിതി അംഗങ്ങള്‍, മുന്‍ പ്രസിഡന്റുമാര്‍ തുടങ്ങി നിരവധി പേര് വേദിയില്‍ സന്നിഹിതരായിരുന്നു.
യുകെയിലെ മലയാളി അസോസിയേഷനുകളുടെ അസോസിയേഷന് ആണ് യുക്മ. 130ല്‍ അധികം അംഗ സംഘടനകള്‍ ഉള്ള സംഘടന കൂടിയാണ് യുക്മ. യുക്മയുടെ പ്രസിഡന്റായ എബി സെബാസ്റ്റ്യന്‍ ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ്, വക്താവ് എന്നീ നിലകളിലും ഒഐസിസി യുകെ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സീറോമലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം കൂടിയാണ്.
എറണാകുളം ലോ കോളജില്‍ സര്‍വകലാശാലാ യൂണിയന് കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റിലെ ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന് പ്രതിനിധിയായി യുക്മ ദേശീയ നേതൃത്വത്തിലേക്കെത്തിയ കോട്ടയം കുറവിലങ്ങാട് സ്വദേശിയായ എബി ലണ്ടനില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. സിവില്‍ എൻജിനിയറായ ഭാര്യ റിനറ്റ്, സീനിയര്‍ പ്ലാനിംഗ് മാനേജറാണ്.
യു കെയിലെ മലയാളി സംഘടനകള്‍ക്കു വേണ്ടി എബി സെബാസ്റ്റ്യന്‍ നല്കിയ കലവറയില്ലാതെ പിന്തുണയും യുക്മയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളെയും മാനിച്ചാണ് എബി സെബാസ്റ്റ്യന്‍ കാരുണ്യശ്രേഷ്ഠ പുരസ്കാരത്തിന് അര്‍ഹനാക്കിയത് എന്ന് സജിമോന്‍ ആന്റണി അഭിപ്രയപ്പെട്ടു.