ടെക്സസ് നിയോജക മണ്ഡല അതിർത്തികൾ പുന:നിർണയിക്കുന്ന ബിൽ സംസ്ഥാന പ്രതിനിധി സഭ പാസാക്കി
ഏബ്രഹാം തോമസ്
Wednesday, August 27, 2025 5:11 PM IST
ഓസ്റ്റിൻ: ഡെമോക്രറ്റുകൾ ഇപ്പോൾ ഭരിക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചേക്കാവുന്ന തരത്തിൽ പുന:നിർണയം നടത്തിയ ടെക്സസ് റീ-ഡിസ്ട്രിക്ടിംഗ് ബിൽ ടെക്സാസ് ജനപ്രതിനിധി സഭ പാസാക്കി.
ഇനി ബില്ലിന് സെനറ്റിന്റെ അംഗീകാരം വേണം. ഡെമോക്രറ്റുകൾ കെെയടക്കി വച്ചിരിക്കുന്ന അഞ്ച് കോൺഗ്രഷണൽ ഡിസ്ട്രിക്ടുകൾ 2026ലെ ഇലക്ഷനോടെ റിപ്പബ്ലിക്കൻ പാർട്ടിയുടേതാവും എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ കണക്കുകൂട്ടൽ.
വർഷങ്ങളായി നടന്നു വന്ന ചർച്ചകളുടെയും ലോബിംഗുകളുടെയും അന്ത്യത്തിലാണ് ബിൽ പ്രതിനിധി സഭയിൽ പാസായത്. ഡെമോക്രറ്റുകളുടെ കടുത്ത വിർശനവും എതിർപ്പും ബില്ലിന് ആദ്യം മുതലേ ഉണ്ടായിരുന്നു.
റെഡിസ്ട്രിക്ടിംഗ് സാധാരണയായി പത്തു വർഷത്തിൽ ഒരിക്കലാണ് നടത്തുന്നത്. കഴിഞ്ഞ പുനഃനിർണയം 2021 ൽ ദശവർഷ സെൻസസിനു ശേഷം നടന്നിരുന്നു. അതിനാൽ ഈ നീക്കം വളരെ നേരത്തെയാണ് എന്നും ആരോപണം ഉണ്ടായി. ബില്ല് പാസായത് ഡെമോക്രറ്റിക്, റിപ്പബ്ലിക്കൻ കക്ഷികളുടെ ബലാബലം (52നു എതിരെ 88) പരീക്ഷിച്ചാണ് .
2026ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് യുഎസ് കോൺഗ്രസിൽ ഭൂരിപക്ഷം ലഭിക്കുവാൻ വേണ്ടിയാണു തിടുക്കത്തിൽ ടെക്സസ് നിയമസഭയിൽ മണ്ഡലാതിർത്തി പുന:നിർണയം നടത്തിയതെന്ന് ഡെമോക്രറ്റുകളും അനുയായികളും ആരോപണം ഉയർത്തി.
ഒരു ജറിമാൻഡർ (തെറ്റായ തീരുമാനത്തിലെത്താൻ വസ്തുതകൾ വളച്ചൊടിച്ച്) നടത്തിയ നടപടിയായി ഡെമോക്രറ്റിക് പാർട്ടി ഈ ബില്ലിനെതിരേ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. നോർത്ത് ടെക്സസ്, ഹൂസ്റ്റൺ, സാൻ അന്റോണിയോ, ഓസ്റ്റിൻ, സൗത്ത് ടെക്സസ് എന്നീ മേഖലകളിലെ റീഡിസ്ട്രിക്റ്റിങ്ങാണ് ഇതനുസരിച്ചു നടപ്പിലാവുക.
നോർത്ത് ടെക്സസിലെ ഫാർമേഴ്സ് ബ്രാഞ്ച് മണ്ഡലത്തിൽ 2024ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് ജൂലി ജോൺസൻ വിജയിക്കുവാൻ കാരണമായത് ഇപ്പോൾ നടത്തുവാൻ ഉദ്ദേശിക്കുന്ന അതിർത്തി നിർണയം നേരത്തെ ആയിരുന്നെങ്കിൽ നടക്കുമായിരുന്നില്ലെന്ന് റിപ്പബ്ലിക്കനുകൾ ഒരു ഉദാഹരണമായി എടുത്തു കാണിക്കുന്നു.
അതിർത്തി പുനഃനിർണയം വരുമ്പോൾ ഫോർട് വെർത്ത് നിയോജക മണ്ഡലത്തിലെ പ്രതിനിധി ഡെമോക്രാറ്റ് മാർക്ക് വീസീയുടെ വിജയവും സാധ്യമാകുമായിരുന്നില്ല എന്ന് റിപ്പബ്ലിക്കനുകൾ പറയുന്നു.
ടെക്സസ് അസംബ്ലിയുടെ പ്രത്യേക സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. ഈസമ്മേളനത്തിൽ തന്നെ ഈ ബിൽ പാസാക്കി എടുക്കുവാൻ ടെക്സസ് ഗവർണർ ഗ്രെഗ് അബ്ബോട്ട് പ്രേത്യേക താത്പര്യം എടുത്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രസിഡന്റും ഇതിനെ അനുകൂലിച്ചു എന്നും റിപ്പോർട്ട് തുടർന്ന് പറഞ്ഞു. ട്രംപ് തന്നെ റീഡിസ്ട്രിക്ടിംഗ് നടത്തിയാൽ റിപ്പബ്ലിക്കനുകൾക്കു അഞ്ചു സീറ്റ് അധികമായി ലഭിക്കും എന്ന് പറഞ്ഞിരുന്നു.
2024ലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന അനുസരിച്ചു നോർത്ത് ടെക്സസിലും ഹൂസ്റ്റണിലും ഓസ്റ്റിനിലും സാൻ അന്റോണിയോയിലും ഓരോ സീറ്റു വീതം ഡെമോക്രറ്റുകൾക്കു നഷ്ടമാവും. ഡെമോക്രറ്റുകൾ കൈവശം വച്ചിരിക്കുന്ന രണ്ട് സൗത്ത് ടെക്സസ് സീറ്റുകളും റിപ്പബ്ലിക്കനുകൾ പിടിച്ചെടുത്തേക്കും.
ഈ ബില്ലിന്റെ അവതരണം നടക്കുമ്പോൾ ഡെമോക്രറ്റുകൾ ടെക്സാസ് വിട്ട് ഇല്ലിനോയി, ന്യൂ യോർക്ക്, മസാച്യുസെറ്റ്സ്, കാലഫോണിയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മാറി നിന്നിരുന്നു. ഇത് മൂലം പ്രതിനിധി സഭയ്ക്ക് ഭരണഘടന പ്രകാരം ആവശ്യമായ മൂന്നിൽ രണ്ടു കോറം ഇല്ലാതിരിക്കുകയും വോട്ടിംഗ് നടപടികൾ നിറുത്തി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.
മിക്കവാറും എല്ലാ ഡെമോക്രറ്റിക് അംഗങ്ങളും തിരികെ ടെക്സസിൽ എത്തിയത് അബോട്ട് സ്പെഷ്യൽ സെഷൻ അഡ്ജെര്ന് ചെയ്യുകയും പെട്ടന്ന് തന്നെ പുതിയ സമ്മേളനം വിളിച്ചു ചേർക്കുകയും ചെയ്തതിന് ശേഷമാണ്. ഇപ്പോൾ ടെക്സസ് നിയമ സഭയിൽ ഭരണപക്ഷ, പ്രതിപക്ഷ ചേരിതിരിവ് രൂക്ഷമായി തന്നെ നില നിൽക്കുന്നു.