15-ാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയിൽ അനന്തപുരി ചുണ്ടൻ ജേതാക്കൾ
Wednesday, September 3, 2025 2:13 AM IST
ബ്രാംപ്ടൻ (കാനഡ): 15ാമത് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ വാശിയേറിയ മത്സരത്തില്‍ ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ അനന്തപുരി ചുണ്ടന് വിജയികളായി. കുട്ടനാട് ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനം നേടി. ബ്രാംപ്ടന്‍ ബോട്ട് റേസ്’ എന്നും കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി അറിയപ്പെടുന്നു.
വിജയികൾക്കുള്ള ട്രോഫി സമർപണം ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം നിർവഹിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന വര്‍ണശബളമായ ഘോഷയാത്രയ്ക്ക് (കമ്യൂണിറ്റി പരേഡ്) ആയിരങ്ങള്‍ അണിനിരന്നു. തുടര്‍ന്നു നടന്ന സമ്മേളനം കാനഡയുടെ ട്രഷറി ബോര്‍ഡ് പ്രസിഡന്റ് ഷഫ്ഖത് അലി എംപി ഉദ്ഘാടനം നിര്‍വഹിച്ചു.

ബ്രാംപ്ടന്‍ നഗര പിതാവ് പാട്രിക് ബ്രൗൺ ആദ്യ ടീം ക്യാപ്റ്റനായി മത്സരത്തിന് പതാക ഉയര്‍ത്തി. കാനഡ ആഭ്യന്തര സഹമന്ത്രി റൂബി സഹോത കാനഡയുടെ ദേശീയ പതാകയും സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പതാകയും ഉയര്‍ത്തി. പരിപാടിക്ക് ഒന്റാരിയോ മന്ത്രിമാരായ ഗ്രഹാം മഗ്രിഗോർ, പ്രബമീത് സര്‍കാരിയ, എംപിമാരായ സോണിയ സിദ്ധു, അമര്‍ജീത് ഗിൽ, അമന്‍ദീപ് സോധി, എംപിപിമാരായ അമർജ്യോത് സന്ധു, ശെരിഫ് സബാവി, നഗരസഭാ കൗൺസിലർമാർ, വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

സമാജം പ്രസിഡന്റ് കുര്യന് പ്രക്കാനം നേതൃത്വം നല്കുന്ന ബ്രാംപ്ടന്‍ മലയാളി സമാജം ആണ് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ സംഘാടകര്‍. എന്റർടൈൻമെന്റ് ചെയർമാനും മെഗാ സ്പോൺസറുമായ അരുണ്‍ ശിവരാമൻ, സമാജം വൈസ് പ്രസിഡന്റ് പ്രിജി ജയകുമാർ, ജനറൽ സെക്രട്ടറിമാരായ യോഗേഷ് ഗോപകുമാർ, ബിനു ജോഷ്വ, ട്രഷറർ ഷിബു ചെറിയാൻ, ഓർഗനൈസിങ് സെക്രട്ടറിമാരായ ലേജു രാമചന്ദ്രൻ, റാസിഫ് സലീം, എക്സിക്യൂട്ടീവ് സെക്രട്ടറിമാരായ ജോമൽ സെബാസ്റ്റ്യൻ, ഗോപകുമാർ, ജെറിൻ ജേക്കബ്, അഹിൽ വി എസ്, അന്ന അഹിൽ പുതുശേരി, ഷിബു കൂടൽ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.