കലിഫോർണിയയിൽ കാണാതായ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കൾ കൊലപാതകക്കുറ്റത്തിന് അറസ്റ്റിൽ
പി.പി. ചെറിയാൻ
Thursday, August 28, 2025 7:08 AM IST
കലിഫോർണിയ: കലിഫോർണിയയിലെ കബസോണിൽ കാണാതായ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ഇമ്മാനുവൽ ഹാരോയുടെ മാതാപിതാക്കളായ ജെയ്ക്ക് ഹാരോയെയും റെബേക്ക ഹാരോയെയും പോലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായിട്ട് എട്ട് ദിവസമായപ്പോഴാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തതെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
’അതേസമയം, കുഞ്ഞിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ഗ്ലോറിയ ഒറേജെൽ വ്യക്തമാക്കി. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും അവർ അറിയിച്ചു.
ഓഗസ്റ്റ് 14ന് യുക്കെയ്പയിലെ ഒരു റീട്ടെയിൽ സ്റ്റോറിന് പുറത്തുനിന്ന് തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി ഇമ്മാനുവലിന്റെ അമ്മ റെബേക്ക ഹാരോ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, അവരുടെ മൊഴികളിൽ ’പൊരുത്തക്കേടുകൾ’ കണ്ടെത്തിയെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.
കാലിഫോർണിയയിലെ ശിക്ഷാനിയമം 187 പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും കൊലപാതകക്കുറ്റം ചുമത്തിയെന്നും സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.