ഫ്ലോറിഡയിൽ പരസ്യം ചെയ്ത് രോഗികളെ വ്യാജ ദന്തഡോക്ടർ കബളിപ്പിച്ച അറസ്റ്റിൽ
പി.പി. ചെറിയാൻ
Wednesday, September 3, 2025 3:06 AM IST
ഫ്ലോറിഡ: കുറഞ്ഞ ബജറ്റിന് മനോഹരമായ പുഞ്ചിരി സ്വന്തമാക്കാമെന്ന് പരസ്യം ചെയ്ത് രോഗികളെ കബളിപ്പിച്ച വ്യാജ ദന്തഡോക്ടർ പോലീസ് പിടിയിൽ. ഫ്ലോറിഡയിലെ എമിലി മാർട്ടിനെസ് (35) എന്ന വ്യാജ ദന്തഡോക്ടറാണ് അറസ്റ്റിലായത്.
ദന്തചികിത്സയ്ക്കായി എത്തിയ രോഗികളുടെ പൊട്ടിയ പല്ലുകൾ സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് അടച്ചതായുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് പോലീസ് ഇവർക്കെതിരെ അന്വേഷണം നടത്തിയത്.
ബജറ്റിന് താങ്ങാവുന്ന വിലയില്‍ പുഞ്ചിരി സ്വന്തമാക്കൂ’ എന്ന പരസ്യ വാചകങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിലൂടെ രോഗികളെ ആകർഷിച്ചാണ് എമിലി തന്റെ വ്യാജ ദന്താശുപത്രി ആരംഭിച്ചതും ഉപഭോക്താക്കളെ കണ്ടെത്തിയതും. ’വെനീർ ടെക്നീഷ്യൻ’ എന്നായിരുന്നു എമിലി സ്വയം പരിചയപ്പെടുത്തിയിരുന്നത്.
കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭിക്കുമെന്ന പരസ്യത്തില്‍ വിശ്വസിച്ച് എമിലിയുടെ ക്ലിനിക്കിൽ ചികിത്സ നടത്തിയവര്‍ക്ക് പല്ലുകളില്‍ അണുബാധയും വേദനയും കൂടി. പലര്‍ക്കും മോണകൾ വീര്‍ക്കുകയും ചെയ്തു. പിന്നീട്, അഹസനീയമായ വേദനയോടെ പലരും ലൈസന്‍സുള്ള മറ്റു ദന്തഡോക്ടർമാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.
പല രോഗികളുടെയും വെനീറുകൾ സൂപ്പര്‍ ഗ്ലൂ പോലുള്ള പശകൾ ഉപയോഗിച്ചായിരുന്നു യോജിപ്പിച്ചിരുന്നത്. പൊട്ടിയ ഒരു പല്ലിനു മാത്രം വെനീര്‍ ചെയ്യാനായി 900 ഡോളർ മുതല്‍ 1,500 ഡോളര്‍ വരെ അംഗീകൃത ഡോക്ടര്‍മാർ ഈടാക്കുമ്പോൾ, എല്ലാ പല്ലുകളും വെനീർ ചെയ്യാൻ എമിലി ആവശ്യപ്പെട്ടത് വെറും 2,500 ഡോളര്‍ മാത്രമായിരുന്നു.
ഫ്ലോറിഡയിലെ പിനെല്ലസ് പാർക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍ എമിലിക്ക് അംഗീകൃത ദന്തചികിത്സാ പരിശീലനമോ ദന്തചികിത്സാ യോഗ്യതകളോ ഇല്ലെന്ന് കണ്ടെത്തി.
ലൈസന്‍സില്ലാതെ രോഗികളെ പരിശോധിക്കുന്നത് യുഎസില്‍ നിയമവിരുദ്ധമാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിൽ മറ്റൊരു സംസ്ഥാനത്ത് വച്ച് ഇവർ സമാനമായ കുറ്റകൃത്യം നടത്തി അറസ്റ്റിലായിരുന്നു. അവിടുന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് പിനെല്ലസ് കൗണ്ടിയിൽ എത്തി ജൂൺ, ജൂലൈ മാസങ്ങളിലായി എമിലി വ്യാജ ചികിത്സ ആരംഭിക്കുന്നതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.