കേളി - ടിഎസ്ടി കപ്പ്: രത്നഗിരി റോയൽസ് ചാമ്പ്യന്മാർ
Sunday, August 31, 2025 12:08 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സംഘടിപ്പിച്ച രണ്ടാമത് ടിഎസ്ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ രത്നഗിരി റോയൽസ് ചാമ്പ്യന്മാരായി. ഒരുമാസം നീണ്ടുനിന്ന മത്സരത്തിൽ 14 ടീമുകളാണ് മാറ്റുരച്ചത്.
ഫൈനൽ മത്സരത്തിൽ ട്രാവൻകൂർ സിസിയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് രത്നഗിരി റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത രത്നഗിരി റോയൽസ് പത്ത് ഓവറിൽ ഉയർത്തിയ 98 റൺസിന് മറുപടിയായി ട്രാവൻകൂർ സിസിക്ക് പത്തു ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് മാത്രമേ എടുക്കുവാൻ സാധിച്ചുള്ളൂ.
ടെക്സാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കാണികളുടെ പങ്കാളിത്തം കൊണ്ടും അവർ ടീമുകൾക്ക് നൽകിയ പിന്തുണ കൊണ്ടും ശ്രദ്ധേയമായി.
നേരത്തെ നടന്ന വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ ട്രാവൻകൂർ സിസി റോക്സ്റ്റാർസിനേയും രത്നഗിരി ഉസ്താദ് ഇലവനെയും തോൽപ്പിച്ചുകൊണ്ടാണ് ഫൈനലിലേക്കുള്ള യോഗ്യത നേടിയത്.
സംഘാടക സമിതി ചെയർമാൻ ഫൈസൽ അധ്യക്ഷനായ സമാപന ചടങ്ങ് കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.