ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പി.പി. ചെറിയാൻ
Sunday, August 31, 2025 3:13 PM IST
ഡാളസ്: വൈവിധ്യമായ പരിപാടികളോടെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ്(അയാന്റാ). ഫ്രിസ്കോ റഫ്റൈഡേഴ്സ് സ്റ്റേഡിയം നോർത്ത് ടെക്സസിലെ ഏറ്റവും വലിയ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലൊന്നിനാണ് വേദിയായത്.
48-ാമത് ആനന്ദ് ബസാറിലും ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലുമായി പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മുഖ്യാതിഥി ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡി.സി. മഞ്ജുനാഥ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.
പ്രാദേശിക നേതാക്കളും സന്നദ്ധസംഘടനകളും അണിനിരന്ന ദേശഭക്തി വിളിച്ചോതിയ പരേഡ്, ഡാളസിലെ പ്രാദേശിക ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികൾ എന്നിവ ശ്രദ്ധേയമായി.


ഭക്ഷണം, ഷോപ്പിംഗ്, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയുമായി 130 ലധികം സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. അയാന്റിന്റെ രാജീവ് കാമത്ത്, മഹേന്ദർ റാവു, ബി.എൻ. റാവു എന്നിവരുടെ പ്രസംഗവും ശ്രദ്ധേയമായി.
കുട്ടികൾക്കായി മെഹന്തി, ഫെയ്സ് പെയിന്റിംഗ്, ബൗൺസ് ഹൗസുകൾ, ക്രിക്കറ്റ് ഇന്ത്യൻ ഐഡൽ 13-ാം വിജയി ഋഷി സിംഗും ഇന്ത്യൻ ഐഡൽ 14-ാം ഫൈനലിസ്റ്റ് അഞ്ജന പദ്മനാഭനും നയിച്ച സംഗീത കച്ചേരി, വർണാഭമായ വെടിക്കെട്ട്, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റേകി.