എഡ്മന്റൺ നേർമയുടെ ഓണാഘോഷം സെപ്റ്റംബർ ആറിന്
ജോസഫ് ജോൺ കാൽഗറി
Saturday, August 30, 2025 3:59 PM IST
എഡ്മന്റൺ: ഓണത്തെവരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി. സെപ്റ്റംബർ ആറിന് രാവിലെ 10.45ന് ബാൾവിൻ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ഓണാഘോഷത്തിൽ മാവേലിയെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് നേർമ സംഘാടകർ ഒരുക്കിയിരിക്കുന്നത്.
എഡ്മന്റണിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഈ ഓണാഘോഷം പഴമയുടെയും പുതുമയുടെയും സമ്മേളനമാകും. നിരവധി കലാപരിപാടികളാണ് പരിപാടിയുടെ പ്രധാന ആകർഷണം.
വിവിധ നിറങ്ങളിലുള്ള പൂക്കളങ്ങൾ കേരളത്തനിമ വിളിച്ചോതുന്ന തിരുവാതിര, പുലികളി, ചെണ്ടമേളം എന്നിവ പരിപാടികൾക്ക് കൂടുതൽ ആവേശം പകരും. അതോടൊപ്പം, ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തങ്ങളും സംഗീത വിരുന്നും കോർത്തിണക്കിയ കലാവിരുന്ന് കാണികളുടെ മനം കവരും.
പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായ വിഭവസമൃദ്ധമായ ഓണസദ്യ, പരമ്പരാഗത കേരളീയ വിഭവങ്ങൾക്കൊപ്പം പുതുമയേറിയ രുചിക്കൂട്ടുകളും ചേർത്ത് തയാറാക്കും. തത്സമയ സംഗീതവും മറ്റ് വിനോദ പരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടും.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ ഓണാഘോഷത്തിൽ എഡ്മന്റണിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.