വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷൻ ഗോൾഡൻ ജൂബിലി ഓണാഘോഷം സെപ്റ്റംബർ ആറിന്
Sunday, August 31, 2025 3:02 PM IST
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ ആറിന് 11 മുതല്‍ ആറ് വരെ പോർചെസ്റ്റർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കും.
അസോസിയേഷന്റെ 50-ാം ഓണാഘോഷമാണ് ഇത്. "ഗോൾഡൻ ജൂബിലി' ആഘോഷ പരിപാടികളുടെ ഭാഗമായി നാട്ടിൽ അനാഥാലയങ്ങളിൽ വസിക്കുന്ന 5,000 പേർക്കാണ് ഓണസദ്യ നല്‍കുന്നത്.
എല്ലാ വർഷവും നൂതനമായ കലാപരിപാടികളാലും വിഭവസമൃദ്ധമായ സദ്യകൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിൽ ഒന്നാക്കി മാറ്റാൻ അസോസിയേഷൻ ഭാരവാഹികൾ ശ്രദ്ധിക്കാറുണ്ട്.
ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ഇത്തവണയും ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും ശിങ്കാരിമേളവും താലപ്പൊലിയുമായി മാവേലിയെ വരവേല്‍ക്കുന്നതോടെയാണ് പരിപാടികൾ തുടങ്ങുന്നത്.
കേരളത്തനിമയോടെ അത്തപ്പൂക്കളവും തിരുവാതിരകളിയും പുലിക്കളിയും ഉള്‍പ്പടെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോട് കൂടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണം.
ഒപ്പം, കലാഭവൻ ലാലിന്റെ മിമിക്രി, കോമഡി സ്കിറ്റ്, ഓട്ടൻതുള്ളൽ, ഗാനമേള തുടങ്ങി ഏറെ കലാപരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ്ചെസ്റ്ററിന്റെ ഓണം ന്യൂയോർക്ക് മലയാളികളുടെ ഒത്തുചേരൽ കൂടിയാണ്.
ഓണാഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍, ന്യൂയോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യർഥിക്കുന്നതായി പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി നിരീഷ് ഉമ്മൻ, ട്രഷറര്‍ അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ഏലമ്മ രാജ് തോമസ്, ജോയിന്റ് സെക്രട്ടറി ജോ ഡാനിയേൽ, ജോയിന്റ് ട്രഷർ മോളമ്മ വർഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ കെ.ജെ. ഗ്രിഗറി, കോഓർഡിനേറ്റര്‍മാരായ ടെറൻസൺ തോമസ്, ആന്റോ വർക്കി എന്നിവര്‍ അറിയിച്ചു.