ബെർഗൻ ടൈഗേഴ്സ് മില്ലേനിയം കപ്പ് ജേതാക്കൾ
ജിനേഷ് തന്പി
Wednesday, September 10, 2025 6:53 AM IST
ന്യൂയോർക്ക്: 2025 മില്ലേനിയം കപ്പ് ഫൈനലിൽ ന്യൂയോർക്കിൽ ടീം യുണൈറ്റഡ് എക്സ്11നെ പരാജയപ്പെടുത്തി ബെർഗൻ ടൈഗേഴ്സ് ഈ വർഷത്തെ തുടർച്ചയായ നാലാം കിരീടം കരസ്ഥമാക്കി.

ടെക്സസിലെ എസ്ഒഎച്ച് ഹൂസ്റ്റൺ കപ്പ്, ഫിലഡൽഫിയയിലെ യൂണിറ്റി കപ്പ്, ന്യൂജഴ്സിയിലെ ടൈഗേഴ്സ് കപ്പ് എന്നീ ടൂർണമെന്റുകളിലും ബെർഗൻ ടൈഗേഴ്സ് കിരീടം നേടിയിരുന്നു.
സെമി ഫൈനലിൽ, വാശിയേറിയ പോരാട്ടത്തിലൂടെ നോർത്ത് ഈസ്റ്റ് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബിനെ (എൻഇഎഫ്സിസി) ടൈഗേഴ്സ് പരാജയപ്പെടുത്തിയത്. ഈ മത്സരത്തിൽ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറാണ് എൻഇഎഫ്സിസി നേടിയത്. 213 റൺസ്, .സെമിഫൈനൽ നാടകീയമായിരുന്നെങ്കിൽ, ഫൈനലിൽ ടൈഗേഴ്സ് കളം നിറഞ്ഞാടി.
വിജയത്തിനായി 180 റൺസ് പിന്തുടർന്ന ബെർഗെൻ ടൈഗേഴ്സ് 17 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം പൂർത്തിയാക്കി കിരീടത്തിൽ മുത്തമിട്ടു. കലാശ പോരാട്ടത്തിൽ ടൈഗേഴ്സിനായി ദിജു സേവ്യർ മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ തിളങ്ങി.
ടൂർണമെന്റിൽ മികച്ച ബൗളർക്കുള്ള അവാർഡ് ഉണ്ണികൃഷ്ണനും, ഏറ്റവും വിലപ്പെട്ട കളിക്കാരനായി ശ്രീജയ് സുനിലും തെരഞ്ഞെടുക്കപ്പെട്ടു, മികച്ച ഫീൽഡറായി ക്യാപ്റ്റൻ റിനു ബാബുവും അംഗീകാരം നേടി. കൂടാതെ, ബാറ്റിങ്ങിലെ സ്ഥിരതയാർന്ന പ്രകടനത്തിന് ദിജു സേവ്യറിനെ മികച്ച ബാറ്റ്സ്മാനും ഫൈനലിൽ മാൻ ഓഫ് ദി മാച്ചുമായി തെരഞ്ഞെടുത്തു.
ട്രോഫി ഉയർത്തിയ ശേഷം, ക്യാപ്റ്റൻ റിനു ബാബുവും വൈസ് ക്യാപ്റ്റൻ തോമസ് പോളും ടീമിന്റെ ഐക്യത്തെയും പോരാട്ട വീര്യത്തെയും പ്രശംസിച്ചു.