കാനഡ ഗ്രാൻഡ് നൈറ്റ് അവാർഡ് ഫ്രാൻസിസ് ജോസഫിന്
അയ്മനം സാജൻ
Monday, September 15, 2025 1:46 PM IST
ലാക്കോംബ്: കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നവർക്കായി ലാക്കോംബ് ആൽബെർട്ട നൈറ്റ്സ് ഓഫ് കൊളംബസ് കൗൺസിൽ നൽകുന്ന ഗ്രാൻഡ് നൈറ്റ് അവാർഡ് മണ്ണാർകാട് കാഞ്ഞിരപ്പുഴ സ്വദേശിയും കാനഡ മലയാളിയുമായ ഫ്രാൻസിസ് ജോസഫിന് ലഭിച്ചു.
ലാക്കോംബ് നഗരത്തിലും കാനഡയിലും സമൂഹ്യ സേവനത്തിലും മറ്റ് മേഖലകളിലും ഫ്രാൻസിസ് ജോസഫ് നടത്തിവരുന്ന പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ടാണ് പുരസ്കാരം സമ്മാനിച്ചത്.
സഹായമനസ്കതയും സാഹോദര്യവും സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധതയും ഫ്രാൻസിസ് ജോസഫിനെ മികച്ച മനുഷ്യ സ്നേഹിയാക്കുന്നെന്നും അതുകൊണ്ടാണ് ഇദ്ദേഹം ഈ അവാർഡിന് അർഹനായതെന്ന് അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ ഗ്രാൻഡ് നൈറ്റ് - എമറ്റ് ഹാൻരഹാൻ പറഞ്ഞു.

നൈറ്റ്സ് ഓഫ് കൊളംബസിലെ സംഭാവനകൾക്കു പുറമേ, ഫ്രാൻസിസ്, ലാക്കോംബ് ആക്ഷൻ ഗ്രൂപ്പിലെ സൂപ്പർവൈസർ കൂടിയാണ്. സെൻട്രൽ അൽബെർട്ടയിലെ പ്രമുഖ ഏജൻസികളിലൊന്നായ ഇത്, ഓട്ടിസം, ഡൗൺ സിൻഡ്രോം എന്നിവ ഉൾപ്പെടെയുള്ള വികസന വൈകല്യമുള്ള വ്യക്തികളെ കണ്ടെത്തി അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു.
സഹായത്തിനായി എത്തുന്ന ക്ലയന്റുകളോട് സഹാനുഭൂതി, ക്ഷമ, കരുണ എന്നിവയോടെ പ്രവർത്തിക്കുന്ന ഫ്രാൻസിസിന്റെ സമീപനം സമൂഹത്തെയും ഏജൻസി നേതൃത്ത്വത്തെയും ഒരുപോലെ ആകർഷിച്ചിരിക്കുന്നു.
കാഞ്ഞിരപ്പുഴ പരേതരായ ജോസഫ് കന്നുംകുളമ്പിലിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനാണ്. ഭാര്യ ജിനു ഫ്രാൻസിസ് ആൽബെർട്ട ഗവൺമെന്റിൽ മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റായി സേവനമനുഷ്ഠിക്കുന്നു. മക്കൾ ജുവാൻ, ജേക്ക്, ജാനിസ്, ജിയന്ന എന്നിവർ കാനഡയിൽ പഠിക്കുന്നു.
സഹോദരനായ ഫാ. ജോസ് കുളമ്പിൽ ആണ് ഫ്രാൻസിസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും മാർഗദർശകനും.