"കേളീരവം - 2025': അമേരിക്കയിൽ കലാപര്യടനം ആരംഭിച്ചു
Wednesday, September 17, 2025 5:21 PM IST
കലിഫോർണിയ: കലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തപസ്യ ആർട്ട്സ് സാൻ ഫ്രാൻസിസ്കോ കേരളത്തിലെ കഥകളി കലാകാരന്മാരെ ഉൾപ്പെടുത്തി "കേളീരവം - 2025' എന്ന പേരിൽ അമേരിക്കയിൽ കലാപര്യടനം ആരംഭിച്ചു.
13ന് വാഷിംഗ്ടൺ ഡിസിയിൽ ആരംഭിച്ച കലാപര്യടനം ഇരുപതോളം വേദികളിൽ അരേങ്ങറും. നവംബർ ഒമ്പതിന് അറ്റ്ലാന്റയിലാണ് പരിപാടി സമാപിക്കുക.
ഹൂസ്റ്റൺ, ഡാളസ്, ന്യൂജഴ്സി, ന്യൂയോർക്ക്, ഫിലഡൽഫിയ, സാൻ ഫ്രാൻസിസ്കോ, മൗണ്ടൻഹൗസ്, സാക്രമെന്റോ, സിയാറ്റിൽ, പോർട്ട്ലാൻഡ്, ഡിട്രോയിറ്റ്, ഷിക്കാഗോ, സെന്റ് ലൂയിസ് തുടങ്ങിയ നഗരങ്ങളിലാണ് മറ്റ് വേദികൾ ഒരുങ്ങുന്നത്.
തപസ്യ അർട്ട്സിനോടൊപ്പം ഈ നഗരങ്ങളിലെ കലാ സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും ചേർന്നാണ് കഥകളി സംഘടിപ്പിക്കുന്നത്.
കലാമണ്ഡലം മനോജ്, പീശപ്പിള്ളി രാജീവ്, കോട്ടക്കൽ മധു, കലാമണ്ഡലം ശിവദാസ്, കോട്ടക്കൽ ഹരികുമാർ, രോഷ്നി പിള്ള, സദനം ജ്യോതിഷ് ബാബു, കലാമണ്ഡലം വേണു, ഏരൂർ മനോജ്, ജിഷ്ണു ഒരുപുലാശേരിൽ, കലാനിലയം ശ്രീജിത് സുന്ദരൻ, സദനം ജിതിൻ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം.
ദുര്യോധനവധം, ദക്ഷയാഗം, സന്താനഗോപാലം, കുചേലവൃത്തം, കർണശപഥം, കീചകവധം, കിരാതം തുടങ്ങി വ്യത്യസ്തമായ കഥകൾ ഈ സംഘം അവതരിപ്പിക്കും. കഥകളി സംഗീതത്തിലൂടെ പുതിയ തലമുറയെ കഥകളിയിലേക്ക് ആകർഷിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അനുഗൃഹീത ഗായകനായ കോട്ടക്കൽ മധുവിന്റെ നേതൃത്വത്തിൽ സംഗീതപരിപാടികളും വിവിധ വേദികളിൽ അരങ്ങേറും.
തപസ്യ ആർട്ട്സ് സാൻഫ്രാൻസിസ്കോയുടെ ഭാരവാഹികളായ പ്രസിഡന്റ് മധു മുകുന്ദൻ, സെക്രട്ടറി സജീവ് പിള്ള, ട്രഷറർ അനിൽ നായർ, രക്ഷാധികാരി സജൻ മൂലേപ്ലാക്കൽ എന്നിവർ അടങ്ങുന്ന സംഘമാണ് കേളീരവത്തിന് നേതൃത്വം നൽകുന്നത്.
ഇതോടൊപ്പം കഥകളിയുടെ വിവിധ തലങ്ങളെക്കുറിച്ച് അറിവ് പകരുന്ന ലേഖനങ്ങളും കഥാ സംഗ്രഹങ്ങളും കലാകാരന്മാരുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്ന കേളീരവം സുവനീർ അണിയറയിൽ തയാറായി വരുന്നു.