ഹൂസ്റ്റണിൽ സൈറാകോം ഇന്റർനാഷണൽ അടച്ചുപൂട്ടുന്നു; 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും
പി.പി. ചെറിയാൻ
Thursday, September 18, 2025 7:59 AM IST
ഹൂസ്റ്റൺ: ഭാഷാ വ്യാഖ്യാന സേവനങ്ങൾ നൽകുന്ന സൈറാകോം ഇന്റർനാഷനലിന്റെ ഹൂസ്റ്റണിലെ കേന്ദ്രം അടച്ചുപൂട്ടാനൊരുങ്ങുന്നു. 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും.
വിപുലമായ പുന:സംഘടനയെ തുടർന്നാണ് കേന്ദ്രം അടച്ചുപൂട്ടുന്നതും ജീവനക്കാരെ പിരിച്ചുവിടുന്നതുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.അടുത്തിടെ സൈറാകോമിനെ പ്രോപിയോ എന്ന മറ്റൊരു ഭാഷാ സേവന ദാതാക്കൾ ഏറ്റെടുത്തതാണ് ഈ പുന:സംഘടനയ്ക്ക് കാരണം.
കമ്പനി അടച്ചുപൂട്ടുന്നതോടെ സ്പാനിഷ്, വിയറ്റ്നാമീസ്, പോർച്ചുഗീസ്, അറബിക് ഉൾപ്പെടെ വിവിധ ഭാഷകളിലെ വിവർത്തകരുടെ തൊഴിൽ ഇല്ലാതാകും. ഡിസംബർ ഒന്നു മുതലാണ് പിരിച്ചുവിടൽ ആരംഭിക്കുന്നത്.
ഹൂസ്റ്റണിൽ മാത്രമല്ല, സൈറാകോമിന്റെ അരിസോണ ഓഫിസിലും 500ഓളം തസ്തികകൾ നിർത്തലാക്കുന്നുണ്ട്.മറ്റൊരു വിതരണ കമ്പനിയായ എസ്സെൻഡന്റ് മാനേജ്മെന്റ് സർവീസസ് തങ്ങളുടെ ഹൂസ്റ്റൺ കേന്ദ്രത്തിലെ 92 ജീവനക്കാരെ പിരിച്ചുവിടാനും പദ്ധതിയിടുന്നുണ്ട്.
ബിസിനസിലെ മാറ്റങ്ങളും വലുപ്പം കുറയ്ക്കലുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നവംബർ 7ന് ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പിരിച്ചുവിടലുകൾ നടക്കും.