കൊലപാതക വിചാരണ കാത്തിരിക്കുന്നതിനിടെ ജയിലിൽ ബ്രയാൻ വാൽഷെക്ക് കുത്തേറ്റു
പി.പി. ചെറിയാൻ
Friday, September 19, 2025 6:53 AM IST
ബോസ്റ്റൺ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കാത്തിരിക്കുന്നതിനിടെ ബ്രയാൻ വാൽഷെയ്ക്ക് ജയിലിൽ കുത്തേറ്റു. ഡെധാമിലെ നോർഫോക്ക് കൗണ്ടി കറക്ഷണൽ സെന്ററിൽ വച്ചു വ്യാഴാഴ്ച രാത്രിയാണ് വാൽഷെയ്ക്ക് കുത്തേറ്റതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. രാത്രി 10 മണിയോടെ ജയിലിനുള്ളിൽ വച്ചാണ് ആക്രമണം നടന്നതെങ്കിലും പരിക്കുകൾ ഗുരുതരമല്ലെന്ന് നോർഫോക്ക് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ വാൽഷെയെ ബെത്ത് ഇസ്രായേൽ ഡീക്കണസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ബോധവാനായിരുന്ന അദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം അതേ രാത്രി തന്നെ ജയിലിലേക്ക് തിരിച്ചയച്ചു.
2023ലെ പുതുവത്സര ദിനത്തിൽ കാണാതായ ഭാര്യ അന വാൽഷെയെ കൊലപ്പെടുത്തിയെന്ന കേസിൽ 50കാരനായ ബ്രയാൻ വാൽഷെയുടെ വിചാരണ അടുത്ത മാസം ആരംഭിക്കും. ഭാര്യയെ കാണാതായതിന് ശേഷം വാൽഷെ ഗൂഗിളിൽ ’മൃതദേഹം എങ്ങനെ മറവുചെയ്യാം’ എന്ന് തിരഞ്ഞതായും, ഹാക്സോയും മറ്റ് ക്ലീനിംഗ് ഉൽപന്നങ്ങളും വാങ്ങിയതായും പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.
അനയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. അന വാൽഷെയുടെ പ്രണയബന്ധവും കോടിക്കണക്കിന് ഡോളറിന്റെ ലൈഫ് ഇൻഷുറൻസും കൊലപാതകത്തിന് കാരണമായേക്കാമെന്ന് അധികൃതർ സംശയിക്കുന്നു. തിങ്കളാഴ്ച വാൽഷെ പ്രീട്രയൽ കോൺഫറൻസിനായി കോടതിയിൽ ഹാജരാകും.