പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ശനിയാഴ്ച
പി.പി. ചെറിയാൻ
Saturday, September 20, 2025 2:56 PM IST
ഹൂസ്റ്റൺ: പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ഊർശ്ലേം അരമന ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കും.
ശനിയാഴ്ച രാവിലെ കുർബാനയ്ക്ക് ശേഷം നടക്കുന്ന പ്രതിഷ്ഠ ചടങ്ങിനും ബാവ തിരുമേനി മുഖ്യകാർമികത്വം വഹിക്കും. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.
ഗ്രീക്ക് ഓർത്തഡോക്സ് ഐക്കണോഗ്രാഫർ ഒഡീസ് ബിഫ്ഷ ആണ് ഐക്കൺ രചിച്ചിരിക്കുന്നത്. സഭ ഔദ്യോഗികമായി പരിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനഹൃദയങ്ങളിൽ വിശുദ്ധനായി ജീവിക്കുന്ന പുണ്യ പിതാവാണ് പാമ്പാടി തിരുമേനി എന്ന് പ്രത്യേക വിഡിയോ സന്ദേശത്തിൽ കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പൊലീത്ത പറഞ്ഞു.
അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത, ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോർജ് എസ്. മാത്യൂസ് എന്നിവർ ക്രമീകരണങ്ങൾ വിലയിരുത്തി.
പാമ്പാടി തിരുമേനി ഗ്ലോബൽ കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഹൂസ്റ്റണിലെയും സമീപ ഇടവകകളിലെയും വൈദികരും വിശ്വാസികളും ശുശ്രൂഷകളിലും തുടർന്ന് നടക്കുന്ന സ്നേഹ വിരുന്നിലും പങ്കെടുക്കും.