കൊളംബസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷിച്ചു
കിരൺ ജോസഫ്
Saturday, September 20, 2025 2:07 PM IST
ഒഹായോ: കൊളംബസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷിച്ചു. ഈ മാസം 14ന് രണ്ടിന് പ്രസുദേന്തിമാരുടെ വാഴ്ചയ്ക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു.
ഫാ. എബി തമ്പി പ്രധാന കാർമികത്വം വഹിച്ചു. ഫാ. നിബി കണ്ണായി, ഫാ. ആന്റണി, ഫാ.ജിൻസ് കുപ്പക്കര എന്നിവർ സഹകാർമികരായും തിരുനാൾ കുർബാനയിൽ പങ്കെടുത്തു.
കന്യകാമറിയത്തോടുള്ള മാധ്യസ്ഥ പ്രാർഥനയുടെ പ്രാധാന്യം തിരുനാൾ സന്ദേശത്തിലൂടെ ഫാ. അനീഷ് ഓർമിപ്പിച്ചു. കുർബാനയ്ക്ക് ശേഷം ലദീഞ്ഞ് ചൊല്ലിയത് ഫാ. ജിൻസ് ആയിരുന്നു.
ഫാ.ആന്റണി ഉണ്ണിയപ്പം നേർച്ച വെഞ്ചരിച്ചു. മിഷൻ ഡയറക്ടർ ഫാ. നിബി കണ്ണായി എട്ടാമിടത്തിലെ തിരുക്കർമങ്ങളെക്കുറിച്ച് ഓർമിപ്പിച്ചു. ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് 58 പ്രസുദേന്തിമാരായിരുന്നു.
പ്രീസ്റ്റ് ഇൻ-ചാർജ് ഫാ. നിബി കണ്ണായി, തിരുനാൾ കൺവീനർമാരായ ജിൽസൺ ജോസ്, സിനോ പോൾ, ചെറിയാൻ മാത്യു, ജോസഫ് സെബാസ്റ്റ്യൻ, ട്രസ്റ്റീമാരും വിവിധ വകുപ്പ് ലീഡേഴ്സും ചേർന്ന തിരുനാൾ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.
ജിൽസൺ ജോസ് സ്വാഗതപ്രസംഗം നടത്തി. തിരുനാൾ ആഘോഷങ്ങളുടെ ഉദ്ഘാടനം കൊളംബസ് കത്തോലിക്കാ ബിഷപ് മാർ ഏൾ കെ. ഫെർണാണ്ടസ് നിർവഹിച്ചു.

പള്ളിക്കുവേണ്ടി ഫാ. നിബി കണ്ണായി ആശംസകൾ നേർന്നു. ട്രസ്റ്റി ജോസഫ് സെബാസ്റ്റ്യൻ അവസാന ഒരു വർഷത്തെ റിപ്പോർട്ട് വായിച്ചു. ട്രസ്റ്റി ചെറിയാൻ നന്ദി പ്രസംഗം നടത്തി.
മിഷനിലെ അക്കാദമിക്, കലാകായിക രംഗങ്ങളിലെ മികവ് തെളിയിച്ചവർക്ക് സിസ്റ്റർ റീത്തയും ഫാ.നിബി കണ്ണായിയും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഷിക്കാഗോ സീറോമലബാർ രൂപതയുടെ കീഴിൽ പതിനായിരത്തോളം പേർ പങ്കെടുത്ത ഡേയ് വെർഭം-2025 ക്വിസ് പ്രോഗ്രാമിൽ കൊളംബസ് മിഷന് വേണ്ടി രൂപതയിലെ തന്നെ ഏറ്റവും മികച്ച സ്ഥാനങ്ങളിൽ ഒന്ന് നേടിയ ഡെയ്ജി ജിൻസനെ ചടങ്ങിൽ ആദരിക്കുകയും ഡോ.ഫാ. നിബി കണ്ണായി ട്രോഫി നൽകുകയും ചെയ്തു.
തിരുനാൾ കുർബാനയ്ക്കു ശേഷം റയാൻ ഹാളിൽ ആഘോഷപൂർവമായ പൊതുസമ്മേളനവും മിഷൻ അംഗങ്ങളുടെ കലാപരിപാടികളും കുട്ടികളുടെ സ്കിറ്റും നടന്നു.
തുടർന്ന് സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങൾ സമാപിച്ചതായി സെന്റ് മേരീസ് മിഷൻ പിആർഒ സുജ അലക്സ് അറിയിച്ചു.