നോർത്ത് അമേരിക്കൻ ടീ കോമ്പറ്റീഷനിൽ ഹാരിസൺസ് മലയാളം ലിമിറ്റഡിന് സ്വർണ മെഡൽ
Saturday, September 20, 2025 11:14 AM IST
കൊച്ചി: അമേരിക്കയിലെ ചാൾസ്റ്റണില്‍ നടന്ന 14-ാമത് നോർത്ത് അമേരിക്കൻ ടീ കോൺഫറൻസിൽ ടീ ആൻഡ് സസ്റ്റൈനബിലിറ്റി അവാർഡ്സ് വിഭാഗത്തിൽ ഹാരിസൺസ് മലയാളം ലിമിറ്റഡ് 2025ലെ സ്വർണ മെഡൽ കരസ്ഥമാക്കി.
ആർപിജി ഗ്രൂപ്പിന്റെ ഭാഗമായ ഹാരിസൺസ് മലയാളത്തിന്റെ വയനാട് അറപ്പെട്ട എസ്റ്റേറ്റില്‍ നിന്നുള്ള തേയിലയാണ് സ്വർണ മെഡലിനായി തെരഞ്ഞെടുത്തത്.
വ്യത്യസ്ഥ ഉറവിടങ്ങളിൽ നിന്നുള്ള പ്രത്യേക തെയിലകൾ എന്ന വിഭാഗത്തിലാണ് ഈ പുരസ്കാരം. കേരളത്തിലും തമിഴിനാട്ടിലുമായി 24 തേയില തോട്ടങ്ങളാണ് എച്ച്എംഎല്ലിനുള്ളത്.
അതുല്യമായ ഗുണമേന്മ, സ്ഥിരത, സുസ്ഥിരമായ കാർഷിക രീതികളോടുള്ള പ്രതിബദ്ധത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വിജയിയെ തെരഞ്ഞെടുത്തത്.
ഇന്ത്യയിൽ നിന്നുള്ള 33 സാമ്പിളുകള്‍ അടക്കം നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് മത്സരത്തിനുണ്ടായത്. യുഎസ്എ ടീ അസോസിയേഷനും കാനഡ ടീ ആൻഡ് ഹെർബൽ അസോസിയേഷനും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്.
ലോകോത്തര നിലവാരത്തിലുള്ള തേയിലകൾ സുസ്ഥിരമായ രീതിയിൽ നിർമിക്കുന്ന തങ്ങളുടെ കഴിവിനുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് എച്ച്എംഎൽ സിഇഒയും ഡയറക്ടറുമായ ചെറിയാൻ എം. ജോർജ് പറഞ്ഞു.
വ്യത്യസ്ത രുചിയും സവിശേഷതയുമുള്ള തേയിലകൾ പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധതയെയാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
14 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദക - കയറ്റുമതിക്കാരിലൊന്നായ എച്ച്എംഎൽ നേരത്തെ ദ ഗോൾഡൻ ലീഫ് ഇന്ത്യ അവാർഡ്സ്, ഗ്രേറ്റ് പ്ലേസ് ടു വർക്ക് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കേരളത്തിലെ എറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ എച്ച്എംഎല്ലിലെ 60 ശതമാനം ജീവനക്കാരും വനിതകളാണ്. റെയിന്‍ഫോറസ്റ്റ് അലയന്‍സ്, ഐഎസ്ഒ, ട്രസ്റ്റ്ടീ, എഥിക്കല്‍ ടീ പാർട്ണർഷിപ്പ് തുടങ്ങിയ സര്‍ട്ടിഫിക്കേഷനുകളുള്ള ഉത്പന്നങ്ങളാണ് എച്ച്എംഎൽ വിതരണം ചെയ്യുന്നത്.