മിസിസാഗ രൂപത ദശവത്സര നിറവിൽ
Friday, September 19, 2025 11:51 AM IST
ടൊറോന്റോ: കാനഡയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി രൂപീകരിക്കപ്പെട്ട മിസിസാഗ രൂപത പത്തു വർഷങ്ങൾ പൂർത്തിയാക്കുന്നു. 2015 ഓഗസ്റ്റ് ആറിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സീറോമലബാര്‍ എക്സാര്‍ക്കേറ്റ് സ്ഥാപിച്ചത്.
ഡോ. ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകവും എക്സാര്‍ക്കേറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും 2015 സെപ്റ്റംബര്‍ 19ന് കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണ് നടന്നത്. 2024 സെപ്റ്റംബര്‍ 20ന് ആരംഭം കുറിച്ച ദശവത്സര ആഘോഷങ്ങൾ ശനിയാഴ്ച (സെപ്റ്റംബർ 20) സമാപിക്കും.
സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ മിസിസാഗ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന കുർബാനയോടു കൂടി ആഘോഷങ്ങൾക്ക് ആരംഭം കുറിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ടൊറോന്റോ അതിരൂപതയുടെ മെത്രാപോലീത്ത കാർഡിനൽ ഫ്രാങ്ക് ലിയോ, ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത് തുടങ്ങിയ സഭാ മേലധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കും.
കാനഡയിലെ മുഴുവൻ വിശ്വാസികളെയും ഒരു കുടക്കീഴിലാക്കി തുടക്കമിട്ട എക്സാര്‍ക്കേറ്റ് ഏഴ് പള്ളികള്‍, പുതിയ മിഷന് സ്റ്റേഷനുകള്‍, വൈദികമന്ദിരങ്ങള്‍ എന്നിങ്ങനെ അതിവേഗം വളര്‍ന്നു.
ഇതിനുള്ള അംഗീകാരമായി 2018 ഡിസംബര്‍ 22ന് എക്സാര്‍ക്കേറ്റിനെ മിസിസാഗ രൂപതയായി ഉയര്‍ത്തി. 2019 മേയ് 19ന് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാന്റെ സ്ഥാനാരോഹണവും നടന്നു.
വളര്‍ച്ചയുടെ പടവുകള്‍
രൂപതയ്ക്കായി തിരുപ്പട്ടം സ്വീകരിച്ച മൂന്നു വൈദികരെ കൂടാതെ 34 വൈദികര്‍ വിവിധ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്നു. മൂന്നു മഠങ്ങളിലായി ഒന്‍പത് സന്യാസിനിമാര്‍, 10 വൈദിക വിദ്യാര്‍ഥികള്‍, നാല്പതിനായിരത്തോളം ഇടവകാംഗങ്ങള്‍, 18 ഇടവകകള്‍, 31 മിഷന് സ്റ്റേഷനുകള്‍, 13 കുര്‍ബാന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മിസിസാഗ രൂപത അതിവേഗം വളരുകയാണ്.
രൂപത വികാരി ജനറല്‍ ഫാ. പത്രോസ് ചമ്പക്കരയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിക്കു നേതൃത്വം നൽകി. വി. കുർബാനയെ കൂടുതൽ അറിയുക, അനുഭവിക്കുക എന്ന ലക്ഷ്യത്തോടെ പത്താം വർഷം കുർബാന വർഷമായി മാറ്റി വയ്ക്കുകയും പഠനങ്ങൾ വിവിധ തലങ്ങളിൽ നടത്തപ്പെടുകയും ചെയ്തു.