"നാട്യ ആലയം റിസൈറ്റൽ': ബെൽഹാവൻ യൂണിവേഴ്സിറ്റിയിൽ ആദ്യമായി ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് അരങ്ങേറുന്നു
അജു വാരിക്കാട്
Friday, September 19, 2025 3:35 PM IST
മിസിസിപ്പി: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ ഒരു സമാഹാരം ഒരുക്കിക്കൊണ്ട് മിസിസിപ്പിയിലെ മലയാളി സമൂഹം "നാട്യ ആലയം റിസൈറ്റൽ' സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകുന്നേരം നാലിന് ബെൽഹാവൻ യൂണിവേഴ്സിറ്റിയിലെ ബിറ്റ്സി ഇർബി വിഷ്വൽ ആർട്സ് ആൻഡ് ഡാൻസ് സെന്റർ സ്റ്റുഡിയോ തിയറ്ററിൽ(1500 പീച്ച്ട്രീ സ്ട്രീറ്റ്, ജാക്സൺ, എംഎസ് 39202) നടക്കും.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഫ്യൂഷൻ നൃത്തങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഈ പരിപാടി, കേരളത്തിന്റെ പാരമ്പര്യങ്ങളും സംസ്കാരവും ഉയർത്തിക്കാട്ടുന്ന ഒരു കലാവിരുന്നായിരിക്കും. മിസിസിപ്പിയിൽ ഏകദേശം 20 മലയാളി കുടുംബങ്ങൾ മാത്രമാണ് നിലവിലുള്ളതെങ്കിലും ഓണം, ക്രിസ്മസ്, ഈസ്റ്റർ, വിഷു, ഈദ് തുടങ്ങിയ ആഘോഷങ്ങളിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇവർ തങ്ങളുടെ സാംസ്കാരിക പാരമ്പര്യം നിലനിർത്തിപ്പോരുന്നു.
22 വർഷമായി മിസിസിപ്പിയിൽ താമസിക്കുന്ന ബെറ്റ്സി വർഗീസാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഒമ്പത് വയസ് മുതൽ നൃത്തം അഭ്യസിക്കുന്ന ബെറ്റ്സി, വിവിധ ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്.
2010-ൽ ബെൽഹാവൻ യൂണിവേഴ്സിറ്റിയിൽ ഭരതനാട്യം ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിച്ച ബെറ്റ്സി, 13 അമേരിക്കൻ വിദ്യാർഥികളെ ഇന്ത്യൻ ക്ലാസിക്കൽ നൃത്തം പരിശീലിപ്പിച്ചിട്ടുണ്ട്. 2011 മുതൽ മിസിസിപ്പിയിൽ സ്വന്തമായി ഭരതനാട്യം ക്ലാസ് നടത്തുന്നു. ഈ നൃത്ത വിദ്യാലയത്തിൽ കുട്ടികളും മുതിർന്നവരുമായ നിരവധി വിദ്യാർഥികളുണ്ട്.
പരിപാടിയുടെ അവസാനഭാഗമായ "എ ഗ്ലിംപ്സ് ഓഫ് കേരള' എന്ന നൃത്ത സമാഹാരത്തിൽ കഥകളി, കളരി, മാർഗംകളി, ഒപ്പന, തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അവതരിപ്പിക്കും. മലയാളി വിദ്യാർഥികൾക്ക് പുറമെ അമേരിക്ക, മെക്സിക്കോ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ കലാപ്രകടനത്തിൽ പങ്കെടുക്കും.
പരിപാടിയുടെ വിശദാംശങ്ങൾ: തീയതി: 2025 സെപ്റ്റംബർ 20, ശനിയാഴ്ച. സമയം: വൈകുന്നേരം 4:00. വേദി: ബെൽഹാവൻ യൂണിവേഴ്സിറ്റി, ബിറ്റ്സി ഇർബി വിഷ്വൽ ആർട്സ് ആൻഡ് ഡാൻസ് സെന്റർ സ്റ്റുഡിയോ തിയറ്റർ, 1500 പീച്ച്ട്രീ സ്ട്രീറ്റ്, ജാക്സൺ, എംഎസ് 39202.
ടിക്കറ്റുകൾ: ഒരാൾക്ക് അഞ്ച് ഡോളർ, നാല് ടിക്കറ്റുകൾക്ക് 15 ഡോളർ. ഏഴ് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം.