ഒത്തൊരുമയുടെ അനുഭവമായി ഒരുമയുടെ ഓണാഘോഷം
Saturday, September 20, 2025 4:02 PM IST
ഫ്ലോറിഡ: ഒര്‍ലാന്‍ഡോ ആസ്ഥാനമായുള്ള മലയാളി സംഘടനയായ ഒര്‍ലാന്‍ഡോ റീജണല്‍ യൂണൈറ്റഡ് മലയാളി അസോസിയേഷന്റെ ആയിരത്തോളംപേര്‍ പങ്കെടുത്ത ഓണാഘോഷം ഒരുമയുടെ പുതുചരിത്രമായി മാറി.
സംഘടനാമികവും കലാചാതുര്യവും ഒത്തിണങ്ങിയ കലാപരിപാടികള്‍ ഏവര്‍ക്കും കേരളസ്മരണയുളവാക്കി. മലയാളിത്തനിമയുള്ള വേഷവിധാനങ്ങളില്‍ അവതരിപ്പിച്ച മെഗാ തിരുവാതിര സദസിനെയും അതിഥികളെയും ഒരുപോലെ ആസ്വാദ്യമാക്കി.
അസോസിയേഷന് പ്രസിഡന്റ് ജിബി ചിറ്റേടം, സെക്രട്ടറി ജസ്റ്റിന് ആന്റണി, വൈസ് പ്രസിഡന്റ് ക്രിസ് നോയല്‍, ട്രഷറര്‍ ടോമി മാത്യു, ജോയിന്റ് സെക്രട്ടറി നീത പ്രവിബ് എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.

മുഖ്യാതിഥിതിയായി എത്തിയ സെമിനോള്‍ കൗണ്ടി കമ്യൂണിറ്റി എന്‍ഗേജ്മെന്റ് ഡിവിഷന് മേധാവി ക്യാപ്റ്റന്‍ കൊര്‍ണേലിയൂസ് ബ്ലൂ നിലവിളക്കു കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
സെനറ്റര്‍ ജാസന്‍ ടി. ബ്രോഡറിനെ പ്രതിനിധീകരിച്ച് എക്കണോമിക് ആന്‍ഡ് സിസ്റ്റംസ് ആര്‍ക്കിടെക്ട് കത്തലീന് ജോണ്‍, ഓറഞ്ച് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചെയമാന് എറിന് ഹണ്ലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാ. സന്തോഷ് തരകന് മുഖ്യ സന്ദേശം നല്കി.
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പ്രശസ്ത സംഗീതജ്ഞനും കേന്ദ്ര-സംസ്ഥാന അവാര്‍ഡ് ജേതാവുമായ പണ്ഡിറ്റ് രമേശ് നാരായണ്‍, അദ്ദേഹത്തിന്റെ മകള്‍ ഗായികയും അവാര്‍ഡ് ജേതാവുമായ മധുശ്രീ നാരായണ്‍ എന്നിവരുടെ സാന്നിധ്യം പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനുരാധ മനോജിന്റെയും റോഷ്നി ക്രിസ് നോലിന്റെയും നേതൃത്വത്തില്‍ നടന്ന പരമ്പരാഗത രീതിയിലുള്ള കലാരൂപങ്ങളും ജിജിമോന്റെ നേതൃത്വത്തിലുള്ള ഓണസദ്യയും പരിപാടികള്‍ക്ക് കൊഴുപ്പേകി.
സണ്ണി കൈതമറ്റം മാവേലിയായി വേഷമിട്ടു. സംഘടനയിലെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പ്രത്യേകമായി യുവതലമുറയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഓണാഘോഷം ഏവര്‍ക്കും പ്രത്യേകമായ അനുഭവമായി മാറി.