ന്യൂയോര്‍ക്ക് ലാറ്റിന്‍ റൈറ്റ് കമ്യൂണിറ്റിയുടെ രജത ജൂബിലിയും ഓണാഘോഷവും വര്‍ണാഭമായി
പോള്‍ പനയ്ക്കല്‍
Wednesday, September 24, 2025 12:30 PM IST
ന്യൂയോർക്ക്: അക്രമം വിനാശമാണ്. അതിനെ ദുരീകരിക്കുവാൻ സ്നേഹവും പരസ്പര ധാരണയും കൊണ്ടേ കഴിയൂ എന്ന് റോമൻ കാത്തലിക് ഡയസിസ് ഓഫ് ബ്രൂക്ലിൻ ബിഷപ് റോബർട്ട് ബ്രെന്നൻ. അമേരിക്കൻ സമൂഹത്തിൽ വർധിച്ചു വരുന്ന അക്രമപ്രവണതയെ, പ്രേത്യകിച്ച് വെടിവയ്പിലൂടെ നടക്കുന്ന അക്രമത്തെ എടുത്തു പറഞ്ഞുകൊണ്ട് യേശു ക്രിസ്തു നൽകുന്ന സന്ദേശം ഹൃദയത്തിലും പ്രവർത്തികളിലും സ്ഫുരിപ്പിക്കുവാൻ ഉദ്ഘോഷിച്ചു അദ്ദേഹം.
ലത്തീൻ ആരാധനാ ക്രമം പിന്തുടരുന്ന ഇന്ത്യൻ റോമൻ കത്തോലിക്കർക്കു വേണ്ടി രൂപത സ്ഥാപിച്ച അപോസ്തോലേറ്റിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ പ്രാരംഭമായി അർപ്പിച്ച ദിവ്യബലിയിൽ പ്രഭാഷണം ചെയ്യുകയായിരുന്നു ബിഷപ് ബ്രെന്നൻ.
എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും കാഴ്ചപ്പാടുകൾക്കുപരി സാഹോദര്യബോധം സമൂഹത്തിൽ വർധിക്കട്ടെയെന്ന് അദ്ദേഹം പ്രാർഥിച്ചു. കുടിയേറ്റക്കാരുടെ രൂപത എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബ്രൂക്ലിൻ രൂപതയിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ സാംസ്കാരിക ജീവിതത്തിൽ വിശ്വാസം തിരിച്ചറിയാനാവാത്ത വിധം അലിഞ്ഞു ചേർന്നതാണ്.
അമേരിക്കയിലെത്തിയ ഇന്ത്യക്കാരുടെ വിശ്വാസവും ജീവിത സംസ്കാരവും തമ്മിലുള്ള അവിഭാജ്യ ബന്ധം, യേശുക്രിസ്തുവിന്റെ സ്നേഹത്തിലധിഷ്ഠിതമായ വിശ്വാസ ജീവിതം എന്നിവ രൂപതയുടെ ചടുലതയ്ക്കു മാറ്റുകൂട്ടുന്നു.
അവർ രൂപതയിൽ കൊണ്ടുവന്ന ഭക്തി സാന്ദ്രമായ ഊർജ്ജസ്വലതയിൽ തന്റെ ആത്മർഥമായ വിലമതിപ്പും സന്തോഷവും ബിഷപ് ബ്രെന്നൻ എടുത്തുപറഞ്ഞു. ഔർ ലേഡി ഓഫ് ദ സ്നോസ് പരോക്കിയൽ വികാരി ഫാ. ഫ്രെഡ് മറാനോ, ബ്രൂക്ളീൻ രൂപതയുടെ ഇന്ത്യൻ ലാറ്റിൻ റൈറ്റ് കോ-ഓർഡിനേറ്റർ ഫാ. റോബർട്ട് അമ്പലത്തിങ്കൽ, ക്യൂൻസ് വില്ലേജ് ഔർ ലേഡി ഓഫ് ലൂർദ് ഇടവക വികാരി ഫാ. പാട്രിക് ലോങ്ങാലോംഗ്, ഫാ. ടംഗ് ഗോംക് വു, ഫാ. ജോൺസൻ നെടുങ്ങാടൻ, ഫാ. ലിജു അഗസ്റ്റിൻ, ഫാ. ജോണി ചെങ്ങാലൻ എന്നിവർ ദിവ്യബലിയിൽ സഹകാർമികരായിരുന്നു.
അമേരിക്കൻ കാത്തലിക് സഭയിലെ ഏക മലയാളി പെർമനെന്റ് ഡീക്കൻ ടിം ഗ്ലാഡ്സൺ ചെറിയപറമ്പിൽ, ഡീക്കൻ ജോൺ വാറെൻ, ഡീക്കൻ കെവിൻ ഹ്യൂഗ്സ്, ഡീക്കൻ സ്റ്റീവ് ബോറെക് എന്നിവർ സഹായികളായി.
ക്യൂൻസ് ഫ്ലോറൽ പാർക്കിൽ ഔർ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലും പാരിഷ് ഹാളിലുമായി നടന്ന രജത ജൂബിലി ആഘോഷത്തോടൊപ്പം കമ്മ്യൂണിറ്റി ഈ വർഷത്തെ ഓണാഘോഷവും നടത്തി. പാരിഷ് ഹാളിലെ ആഘോഷത്തിന് ബിഷപ് ബ്രെന്നൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫാ. റോബർട്ട് അമ്പലത്തിങ്കൽ ബിഷപ് ബ്രെന്നന് പൊന്നാടയും ജോവൻ പാൽമേഴ്സൺ മലയാളി കമ്യൂണിറ്റിയുടെ പ്രതീകമായി കൈ കൊണ്ട് നിർമിച്ച ഒരു കൊച്ചുവള്ളവും നൽകി. ഔർ ലേഡി ഓഫ് ദ സ്നോസ് ഇടവക പരോക്കിയൽ വികാരി ഫാ. ഫ്രെഡ് മറാനോയ്ക്ക് അലോഷ്യസ് ആറുകാട്ടിലും ഫാ. റോബർട്ട് അമ്പലത്തിങ്കലിന് നോബി അഗസ്റ്റിനും പൊന്നാട നൽകി ആദരിച്ചു.
സാംസ്കാരിക പൈതൃകത്വവും കലാവൈഭവത്തിന്റെ ആവിഷ്കാരവും പ്രകടിപ്പിക്കുന്ന ഹരമാർന്ന ചെണ്ടമേളത്തിന്റെയും സമൃദ്ധിയുടെ പ്രതീകവും മഹാരാജാവിനോടുള്ള ആരാധനയും സ്വാഗതവും ബോധ്യപ്പെടുത്തുന്ന താലപ്പൊലിയുടെയും അകമ്പടിയോടെ എത്തിയ മാവേലിയും തിരുവാതിരയും ഓണപ്പാട്ടും പിഞ്ചു കുഞ്ഞുങ്ങളുടെ ഡാൻസും പാട്ടും ഓണസദ്യയ്ക്ക് ആമുഖമായ വിനോദ സത്കാരമായി.
ജോവൻ പാൽമേഴ്സൺ, നെൽസൺ പോളികാർപ്പ്, ഡോ. ഷാജൻ കാസ്പ്പർ, മേരി പനക്കൽ, ഡോ. ജേക്കബ് തോമസ്, ഇന്ദു ജേക്കബ്, ഡീക്കൻ ടിം ഗ്ലാഡ്സൺ ചെറിയപറമ്പിൽ, ബിന്ദു കോയിൽപറമ്പിൽ, റോസിലി തങ്കകുട്ടൻ, ബെൻ കൊച്ചീക്കാരൻ, ഫിലോമിന കൊച്ചീക്കാരൻ, തങ്കക്കുട്ടൻ ക്ലെമെന്റ്, ജിജിമോൾ ബിനു, ബിനു കോയിൽപറമ്പിൽ, അലോഷ്യസ് ആറുകാട്ടിൽ, പോൾ ഡി. പനക്കൽ എന്നിവർ ആരംഭകാലത്ത് കമ്യൂണിറ്റിയെ സംഘടിപ്പിക്കുന്നതിനും ഒരുമിപ്പിക്കുന്നതിനും നൽകിയ നേതൃത്വത്തിനും സമർപ്പണത്തിനും നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഫാ. റോബർട്ട് ഓരോരുത്തർക്കും പനിനീർ പുഷ്പം നൽകി ആദരിച്ചു.



ഓണസദ്യയ്ക്ക് കമ്യൂണിറ്റി അംഗങ്ങൾ വീടുകളിൽ പാചകം ചെയ്തുകൊണ്ടുവന്ന വിഭവങ്ങളിലെ രുചിയിൽ സ്നേഹത്തിന്റെ ഊഷ്മളതയും ഒരുമയുടെ സുഖചൈതന്യവും ഓണത്തനിമയും നിറഞ്ഞിരുന്നു. 1994-ഇൽ ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷൻ എന്ന പേരിൽ ന്യൂയോർക്കിൽ രജിസ്റ്റർ ചെയ്ത ഒരു പൗര സംഘടനയിലൂടെ ആയിരുന്നു.
കമ്മ്യൂണിറ്റി ഔപചാരിക പ്രവർത്തനം ആരംഭിച്ചത്. അതിനു മുൻപ് ഓരോ വീടുകളിലായി അവർ സൗഹൃദ സമ്മേളനം നടത്തിയിരുന്നു. സാംസ്കാരിക പാരമ്പര്യങ്ങളെ പോഷിപ്പിക്കുകയും വളർന്നുവരുന്ന തലമുറയ്ക്ക് പകർന്നു കൊടുക്കുകയും ചെയ്യുക, പൊതുഭാഷയായ മലയാളത്തിൽ വിശ്വാസം പങ്കിട്ടു പ്രാർത്ഥനകൾ നടത്തുക, അതോടൊപ്പം കേരളത്തിലെ പിന്നോക്കം നിൽക്കുന്ന കമ്മ്യൂണിറ്റിക്ക് കഴിയുന്ന സഹായം എത്തിക്കുക എന്നീ ലക്ഷ്യങ്ങൾ ആയിരുന്നു സംഘടിതമായ കൂട്ടായ്മയ്ക്ക് പിന്നിൽ.
അനേകം അല്മായരും വൈദികരും അക്കാലത്തു ആ ലക്ഷ്യങ്ങൾക്കു വേണ്ടി തങ്ങളുടെ ജീവിതഭാഗം സമർപ്പിച്ചിരുന്നു. ആദ്യകാല മലയാളി സമൂഹ പ്രവർത്തകനായ സിറിൾ പെരേര, തിയോബാൾഡ് പെരേര, ആർനോൾഡ് ഏലിയാസ്, വില്ലി പെരേര, ജോസെഫ് ഫെർണാണ്ടസ്, ക്രിസ്റ്റഫർ ഫെർണാണ്ടസ്, ജോർജ് എബ്രഹാം, പ്രിസില്ല പരമേശ്വരൻ, മാർസെൽ കോയിൽപറമ്പിൽ, ഫാ. സൈമൺ പള്ളിപ്പറമ്പിൽ, ഫാ. ജെറോം അർത്തശ്ശേരിൽ, ഫാ. ജോസെഫ് കോയിൽപറമ്പിൽ, ഫാ. ആന്റണി സേവിയർ, ഫാ. ബെനഡിക്ട് പോൾ, മുൻ വിജയപുരം ബിഷപ് ഡോ. പീറ്റർ തുരുത്തിക്കോണം, ഫാ. വർഗീസ് വടക്കേത്തയ്യിൽ, പ്രഫെ. ജോസെഫ് ചെറുവേലിൽ തുടങ്ങി അനേകം പേർ കമ്മ്യൂണിറ്റിയുടെ രൂപീകരണത്തിനും സാമൂഹികവും ആല്മീയവുമായ നന്മയ്ക്കും മേന്മയ്ക്കും വേണ്ടി സഹന സേവനം നടത്തിയിട്ടുണ്ട്.
സീറോമലബാർ, സീറോമലങ്കര, ക്നാനായ കമ്യൂണിറ്റികൾ ഇന്ത്യൻ കത്തോലിക്കർക്കിടയിൽ സ്വന്തമായ സ്ഥാപിത രൂപീകരണങ്ങൾ നടത്തിയതോടെ, ബ്രൂക്ളീൻ രൂപത സാർവത്രിക സഭയിലെ ഇന്ത്യക്കാർക്കു വേണ്ടി അപോസ്തോലേറ്റ് സ്ഥാപിച്ച് ആല്മീയതയിൽ അധിഷ്ഠിതമായ സാംസ്കാരിക പോഷണത്തിനുള്ള പിന്തുണയും ഉത്തരവാദിത്വവും ഏറ്റെടുക്കുകയായിരുന്നു.
കമ്യൂണിറ്റിയുമായി ഏകോപിപ്പിക്കുന്നതിന് ഓരോ വൈദികനെ ഏൽപ്പിച്ചു അല്മായ സമിതിയെ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തുകയും ചെയ്തു. ന്യൂയോർക്ക് പ്രദേശത്തെ വിവിധ റോമൻ കത്തോലിക്കാ ഇടവകകളിൽ ലയിച്ചു കിടക്കുന്ന കമ്യൂണിറ്റി അംഗങ്ങൾ ഓരോ ഇടവകയിലെയും പ്രവർത്തനങ്ങളിൽ സജീവമാണെങ്കിലും മാസത്തിലൊരിക്കൽ ഭാഷാ സാംസ്കാരികമായി ഒന്നിക്കുന്നത്തിനുള്ള അവസരം വളരെ സന്തോഷപൂർവമാണ് സ്വീകരിച്ചത്.
വിശ്വാസം പ്രകടിപ്പിക്കുന്നതിന് ഭാഷയും സംസ്കാരവും വഹിക്കുന്ന പങ്ക് പൂർണമായും അറിഞ്ഞു കൊണ്ടുതന്നെ രൂപത അവരെ കാൽ ശതാബ്ദമായി ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നു. പ്രീജിത് പൊയ്യത്തുരുത്തി, സജിത്ത് പനക്കൽ, നിർമൽ ഹെൻറി, അലൻ കോയിപ്പറമ്പിൽ, ജൂഡ് കുറ്റിക്കാട്ട്, ട്വിങ്കിൾ അജിത്, വിനയ രാജുലാൽ, ടോം അജിത്, നോബി അഗസ്റ്റിൻ, എന്നിവർ അംഗങ്ങളായുള്ള പ്രവർത്തക സമിതി ഈ വർഷത്തെ കാര്യ നിർവഹണം നടത്തുന്നു.
അതിൽ മൂന്നിൽ ഒരു ഭാഗം അംഗങ്ങളുടെ കാലാവധി വർഷാന്ത്യത്തിൽ തീരുകയും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.