കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യുജഴ്സി ഗവർണർ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
Thursday, September 25, 2025 5:16 PM IST
കൊച്ചി: കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ഗവർണർ ഫിലിപ്പ് ഡി. മർഫി. ഇടപ്പള്ളി ലുലു ഗ്രാൻഡ് ഹയാത്തിൽ നടന്ന ബിസിനസ് പാർട്ണർഷിപ് ഉച്ചകോടിയിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും കേരളത്തിൽ നിക്ഷേപം നടത്താൻ ന്യുജഴ്സി ഭരണകൂടം മുഖ്യമന്ത്രി പിണറായി വിജയനോട് താത്പര്യം അറിയിച്ചു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കരുത്തനായ ഭരണാധികാരിയാണെന്നും അദ്ദേഹം പ്രശംസിച്ചു.
ന്യൂജഴ്സി സർക്കാരിനെ നിക്ഷേപം നടത്താൻ കേരളത്തിലേക്ക് സ്വാഗതം ചെയ്താണ് മുഖ്യമന്ത്രി പ്രസംഗം തുടർന്നത്. കേരളത്തിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സമയത്താണ് മർഫി ഇവിടേക്ക് എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി പരിപാടിക്ക് സ്വാഗതം ആശംസിച്ചു. കേരളത്തിലേക്ക് നിക്ഷേപം നടത്താനുള്ള ന്യുജഴ്സി സർക്കാരിന്റെ ശ്രമങ്ങളെ യൂസഫലി പ്രശംസിച്ചു.
ചടങ്ങിൽ ഗവർണർ ഫിലിപ്പ് ഡി. മർഫിയുടെ ഭാര്യ താമി മർഫി, വ്യവസായ മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ, ന്യൂജഴ്സി സർക്കാരിന്റെ പ്രതിനിധികൾ, സംസ്ഥാന സർക്കാരിന്റെ ഉന്നതതല ഉദ്യോഗസ്ഥർ, രാജ്യത്തെ ബിസിനസ് സംരംഭകർ, മാധ്യമസ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.