കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ ഓണം മഹോത്സവം പ്രൗഢഗംഭീരമായി
Friday, September 26, 2025 2:18 AM IST
നാഷ്വിൽ: ടെനിസിയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) ഓണം മഹോത്സവം 2025 സംഘടിപ്പിച്ചു. കാൻ വോളന്റിയർമാർ തയാറാക്കിയ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാക്കയത്. തുടർന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും പുലികളിയുടെയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വരവേറ്റു. കലാകാരന്മാർ ചെണ്ടമേളവും വേദിയിൽ അവതരിപ്പിച്ചു.തുടർന്ന് പരിപാടികളുടെ ഉദ്ഘാടനം നടൻ ഡി. നെപ്പോളിയൻ നിർവഹിച്ചു.
കാൻ കഴിഞ്ഞ കാലയളവിൽ ടെനിസി സംസ്ഥാനത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നൽകിയ അമൂല്യമായ സംഭാവനകൾ മുൻനിർത്തി ടെനിസി സ്റ്റേറ്റ് സെനറ്റ് സെപ്റ്റംബർ 13ന് കേരള ദിനമായി പ്രഖ്യാപിച്ചതിന്റെ വിളംബരം ടെനിസി സ്റ്റേറ്റ് അസംബ്ലി റപ്രസെന്റിറ്റീവ് മൈക്ക് സ്പാർക്സ് നിർവഹിച്ചു.
പ്രശസ്ത ദക്ഷിണേന്ത്യൻ സിനിമ പിന്നണി ഗായികയായ ലത കൃഷ്ണയും സംസാരിച്ചു.മഹാബലിയും, വിശിഷ്ടാതിഥികളും കാൻ ഭരണ സമിതി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ഔപചാരികമായി പരിപാടികൾ ആരംഭിച്ചത്.
കാൻ പ്രസിഡന്റ് ഷിബു പിള്ള അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ, വൈസ് പ്രസിഡന്റ് ശങ്കർ മന സ്വാഗതവും, സെക്രട്ടറി ഡോ. സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി.ഓണം മഹോത്സവം 2025കാനിലെ അംഗങ്ങളുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനായി പ്രസിദ്ധീകരിക്കുന്ന കാഞ്ചനത്തിന്റെ യൂത്ത് എഡിഷൻ ’യുവം’ മാസികയുടെ ഔദ്യോഗിക പ്രകാശനവും തദവസരത്തിൽ ഡി. നെപ്പോളിയൻ നിർവഹിച്ചു.
nashville1_2025sept25.jpg
കാൻ അംഗങ്ങളുടെ മക്കൾക്കായി നൽകുന്ന അക്കാദമിക് സ്കോളർഷിപ്പുകളും വേദിയിൽ വച്ച് വിതരണം ചെയ്തു.തുടർന്ന് കാനിന്റെ കലാകാരന്മാർ പാട്ടുകൾ, നൃത്ത നൃത്യങ്ങൾ, ഉപകരണ സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച കേരളീയം പരിപാടിയും കാണികളുടെ പ്രശംസ പിടിച്ചു പറ്റി. അതോടൊപ്പം സിനിമാ പിന്നണി ഗായികയായ ലത കൃഷ്ണയും സംഘവും നയിച്ച അതിമനോഹരമായ സംഗീത വിരുന്നും അരങ്ങേറി.
അംഗങ്ങളുടെ കൂട്ടായ്മയിൽ തയ്യാറാക്കിയ ഓണപ്പൂക്കളവും, ആനയുടെ ഒത്ത രൂപത്തിലുള്ള ഫോട്ടോബൂത്തും, ഊഞ്ഞാൽ എന്നിവയും ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രത്യേക ആകർഷണീയതകളായിരുന്നു.
ഓണസദ്യ ഒരുക്കുന്നതിന് നിജിൽ പറ്റെമ്മൽ, മനീഷ് രവികുമാർ എന്നിവരും, കലാപരിപാടികൾക്ക് സന്ദീപ് ബാലൻ, ഡോ. ദീപാഞ്ജലി നായർ എന്നിവരും, രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്കായി ട്രഷറർ അനന്തലക്ഷ്മണനും, സുജിത് പിള്ളയും നേതൃത്വം നൽകി. അനിൽ പാത്തിയേരി, അശോകൻ വട്ടക്കാട്ടിൽ, ഷാഹിന കോഴിശ്ശേരി, സുമ ശിവപ്രസാദ്, രാകേഷ് കൃഷ്ണൻ, അനിൽ ഗോപാലകൃഷ്ണൻ, ബിജു ജോസഫ്, ബബ്ലൂ ചാക്കോ, സാം ആന്റോ, മനോജ് രാജൻ, അമൽ സാം, തോമസ് വർഗീസ് തുടങ്ങിയ കാൻ ഭരണസമിതി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.