വന്യജീവി സംരക്ഷകനായ റയാൻ ഈസ്ലി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
പി.പി. ചെറിയാൻ
Friday, September 26, 2025 6:21 AM IST
ഓക്ലഹോമ: വന്യജീവി സംരക്ഷകനായ റയാൻ ഈസ്ലി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓക്ലഹോമയിലെ ഗ്രൗളർ പൈൻസ് ടൈഗർ പ്രിസർവറിൽ റയാൻ വളർത്തിയിരുന്ന കടുവ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
കുട്ടിയായിരുന്നപ്പോൾ മുതൽ പരിശീലിപ്പിച്ച ഒരു കടുവയുമായി ഇടപഴകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. കടുവ നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തിൽ റയാന് പ്രതികരിക്കാൻ സാധിച്ചില്ലെന്ന് സൂചനകളുണ്ട്. വന്യജീവികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു റയാന്റേത്.
നെറ്റ്ഫ്ലിക്സിന്റെ ’ടൈഗർ കിംഗ് എന്ന ചിത്രത്തിലെ താരമായ ജോ എക്സോട്ടിക്കിന്റെ ’സഹകാരി’യായിരുന്നു റയാൻ. സംഭവത്തെ തുടർന്ന് മൃഗങ്ങളെ കണ്ടുമുട്ടുന്നതിനുള്ള ടൂറുകളും പരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുന്നതായി ഗ്രൗളർ പൈൻസ് ടൈഗർ പ്രിസർവ് അറിയിച്ചു.