ഒരേ സമയം മൂന്നു വൈറസുകളെ കണ്ടെത്താന്‍ ഐഎവിയുടെ പുതിയ കിറ്റ്
Saturday, September 27, 2025 2:25 AM IST
കോഴിക്കോട്: ഒരേ സമയം ഡെങ്കി, ചിക്കുന്‍ഗുനിയ, സിക്ക വൈറസുകളെ കണ്ടെത്തുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കിറ്റിന്റെ സാധുതാ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍.
ഐഎവിയുടെ മള്‍ട്ടിപ്ലക്സ് റിയല്‍-ടൈം ആര്‍ടിപിസിആര്‍ എന്ന കിറ്റ് ആരോഗ്യമേഖലയില്‍ വ്യാപകമായി ഉപയോഗിക്കാന്‍ കഴിയുമോ എന്നു പഠിക്കുന്നതിനായി ആരോഗ്യ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, വൈറസ് റിസേര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി, കോഴിക്കോട് റീജണല്‍ വൈറസ് റിസേര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പഠനം നടത്താനാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്.
തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു നടപടി. പ്രാഥമിക വിലയിരുത്തലില്‍ ഐഎവി കിറ്റിന് 100 ശതമാനം സംവേദനക്ഷമതയും വിശ്വാസ്യയോഗ്യമായ കൃത്യതയും ഫലവും ഉണ്ടെന്നാണ് വൈറോളജി ഡയറക്ടര്‍ ആരോഗ്യവകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ശാസ്ത്രീയ പഠനങ്ങളിലൂടെ ഒന്നുകൂടി ഉറപ്പിക്കാനാണു മൂന്നു ലബോറട്ടറികളിലായി സാധുതാ പഠനം നടത്താന്‍ തീരുമാനം.
കേരളത്തില്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക വൈറസ് രോഗബാധ കൂടി വരുന്ന സാഹചര്യത്തിലാണ് ഐഎവി വികസിപ്പിച്ച പുതിയ കിറ്റ് ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോയെന്നതിനെക്കുറിച്ച് പഠിക്കുന്നത്.
സിക്ക ഭാവി തലമുറയ്ക്കു ദോഷകരമാണെന്ന തിരിച്ചറിവിനെത്തുടര്‍ന്ന് ഇതിനെ ആഗോള ആരോഗ്യ പ്രതിസന്ധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഡെങ്കിയും ചിക്കുന്‍ ഗുനിയയും സിക്കയും ഒരേ ഇനം കൊതുകുകളാണ് പരത്തുന്നത്. അതുകൊണ്ടുതന്നെ ഡെങ്കി പടരുന്ന മേഖലയില്‍ത്തന്നെ സിക്ക വൈറസും വ്യാപിക്കും. അതിനാല്‍ പലപ്പോഴും സിക്ക ബാധയുണ്ടായാല്‍ അതിനെ ഡെങ്കിയായി തെറ്റിദ്ധരിക്കുന്നത് ചികിത്സയെ ബാധിക്കുന്നുണ്ട്.
ഡെങ്കിയുടെ ലക്ഷണങ്ങളുള്ളവരും എന്നാല്‍ ഡെങ്കി പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് കാണിക്കുന്നവരിലുമാണ് നിലവില്‍ സിക്ക പരിശോധന നടത്താറുള്ളത്.
ലക്ഷണങ്ങള്‍ അനുസരിച്ച് ഡെങ്കിയില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ ഐഎവി വികസിപ്പിച്ച പുതിയ കിറ്റിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ.