യുഡിഎഫ് ഏറ്റെടുത്തത് കപടഭക്തിക്കാരെ തുറന്നുകാട്ടുന്ന ദൗത്യം: വി.ഡി. സതീശൻ
Saturday, September 27, 2025 2:25 AM IST
കണ്ണൂര്‍: ഒന്‍പതു വര്‍ഷം ശബരിമലയുടെ വികസനത്തിനു വേണ്ടി ചെറുവിരല്‍ അനക്കാത്ത സര്‍ക്കാര്‍ പത്താമത്തെ വര്‍ഷം മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുന്നതിലൂടെയുള്ള കപടഭക്തിക്കാരെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുന്ന രാഷ്ട്രീയ ദൗത്യമാണ് യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ശബരിമലയിൽ ആചാരലംഘനത്തിന് അനുകൂലമായി നൽകിയ സത്യവാങ് മൂലം തിരുത്താനും, നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ എടുത്ത ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാനും തയാറുണ്ടോ എന്നീ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
അയ്യപ്പസംഗമം ഏഴുനിലയില്‍ പൊട്ടിപ്പോയി. 4,200 പേര് വരുമെന്ന് പറഞ്ഞ പരിപാടിയില്‍ 630 പേര് വരികയും അരക്കോടി രൂപയുടെ ഭക്ഷണം മാലിന്യപ്ലാന്റിൽ തള്ളുകയും ചെയ്ത അയ്യപ്പസംഗമമാണ് നടന്നത്.
എന്തു സംഭവിച്ചാലും വർഗീയ ശക്തികളുമായി കൂട്ടുചേരില്ല. അത് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ നിലപാടാണ്. ഒരേ സമയം ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും യുഡിഎഫ് എതിര്‍ക്കും. ആര് വര്‍ഗീയത പറഞ്ഞാലും മുഖം നോക്കാതെ എതിര്‍ക്കുകതന്നെ ചെയ്യുമെന്നും സതീശന് പറഞ്ഞു.