ഡിജിപി യോഗേഷ് ഗുപ്ത - സർക്കാർ പോരാട്ടം മുറുകുന്നു
Saturday, September 27, 2025 3:00 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വീണ്ടും സ്ഥലംമാറ്റിയ മുതിർന്ന ഡിജിപി യോഗേഷ് ഗുപ്തയും സംസ്ഥാന സർക്കാരും തമ്മിലുള്ള നിയമപോരാട്ടം വീണ്ടും മുറുകുന്നു.
ഒരു മന്ത്രിക്കും ഏഴു സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും എതിരേ വിജിലൻസ് മേധാവിയായിരിക്കേ സർക്കാർ അനുമതിയില്ലാതെ കേസെടുത്തെന്ന സർക്കാർ വാദം തെറ്റാണെന്ന് യോഗേഷ് ഗുപ്ത സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു.
വിജിലൻസ് മേധാവിയായിരിക്കേ സർക്കാർ അനുമതിയില്ലാതെ മന്ത്രി കെ.ബി. ഗണേഷ്കുമാറിനും ഏഴ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ കേസെടുത്ത് അന്വേഷണം നടത്തിയെന്ന ആരോപണത്തിൽ യോഗേഷിനെതിരേ വിജിലൻസ് അന്വേഷണം നടക്കുന്നുവെന്നായിരുന്നു സർക്കാർ വാദം.
എന്നാൽ, കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാൻ സംസ്ഥാനം ക്ലിയറൻസ് നൽകാതിരിക്കാനുള്ള വാദത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് യോഗേഷ് ഗുപ്തയുടെ വാദം.
ഐപിഎസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ യോഗേഷ് ഗുപ്തയെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒൻപത് തവണ സർക്കാർ സ്ഥലം മാറ്റി.
ബിവറേജസ് കോർപറേഷൻ, സിവിൽ സപ്ലൈസ്, വിജിലൻസ്, ട്രെയിനിംഗ്, ക്രൈം റെക്കോർഡ്സ് ബ്യൂറോ, ഫയർഫോഴ്സ്, പോലീസ് അക്കാഡമി തുടങ്ങിയ ഇടങ്ങളിലാണ് മാറ്റിയത്. ഇപ്പോൾ ഫയർ ഫോഴ്സ് മേധാവി സ്ഥാനത്തുനിന്ന് റോഡ് സുരക്ഷാ കമ്മീഷണറായാണ് മാറ്റിയത്.
നിരന്തരമുള്ള പീഡനത്തിൽ മനംനൊന്ത് കേന്ദ്രസർവീസിലേക്കു പോകാൻ അപേക്ഷിച്ചപ്പോൾ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതെ വട്ടം ചുറ്റിച്ചു.
കേന്ദ്രസർക്കാർ നേരിട്ട് പലതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാനം നൽകിയില്ല. ഇതിനെതിരേ യോഗേഷ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.